പണമിടപാടുകൾക്ക് ഫോൺ എടുക്കുന്നത് ഒഴിവാക്കാൻ കൈത്തണ്ടയിൽ ബാർകോഡ് പച്ചകുത്തി യുവാവ്!
ലോകം ഡിജിറ്റലായി മാറിയിട്ട് ഏറെ കാലമായി. ഡിജിറ്റൽ രീതികളാണ് ഇന്ന് എല്ലാവരും എല്ലാ മേഖലയിലും പിന്തുടരുന്നത്. എന്തിനേറെ പറയുന്നു, ആളുകൾ പണം കയ്യിൽ സൂക്ഷിക്കുന്ന രീതി തന്നെ മാറി. ഓൺലൈൻ പണമിടപാടുകളാണ് എല്ലാവരും പ്രയോജനപ്പെടുത്തുന്നത്. ഇപ്പോഴിതാ, ഡിജിറ്റൽ പണമിടപാടുകൾക്കായി ഫോൺ നിരന്തരം എടുക്കാൻ മടിയുള്ള ഒരു യുവാവ് അയാൾക്ക് സൗകര്യപ്രദമായ ഒരു പരിഹാരം കണ്ടെത്തി. അയാൾ തന്റെ കൈത്തണ്ടയിൽ പേയ്‌മെന്റ് ബാർകോഡ് പച്ചകുത്തിയിരിക്കുകയാണ്.
തായ്‌വാനിലെ “ഡികാർഡ്”-ൽ തന്റെ കഥ വൈറലായതോടെ അജ്ഞാതനായിരുന്ന യുവാവ് രാജ്യത്ത് ജനപ്രിയനായി മാറിയിരിക്കുകയാണ് . ഒരു വിഡിയോയിൽ ടാറ്റൂ ചെയ്യണമെന്ന് താൻ വളരെക്കാലമായി ചിന്തിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് വേറിട്ടൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്, പേയ്‌മെന്റ് ബാർകോഡിന്റെ ടാറ്റൂ ചെയ്തത്. പേയ്‌മെന്റ് ടാറ്റൂ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും ഏതൊരു ടാറ്റൂ ആർട്ടിസ്റ്റിനും ഒരു വെല്ലുവിളിയായ സംഭവവുമാണ്.
വിഡിയോയിൽ അയാൾ പുതിയ ടാറ്റൂ ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാമെന്ന് കാണിച്ചു.എങ്കിലും തന്റെ രീതി തുടരാൻ യുവാവ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, എപ്പോഴും ബാർകോഡ് വിജയകരമായി ടാറ്റൂ ചെയ്യാൻ സാധിക്കില്ല. അതുമാത്രമല്ല, ഏതാനും നാളുകൾക്ക് ശേഷം ടാറ്റൂ മങ്ങിയാൽ ബാർകോഡ് വർക്ക് ആകുകയുമില്ല. എന്തായാലും ഈ രീതി ആളുകൾക്ക് ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്.
Story highlights- Man tattoos barcode