ഏകാന്തത സഹിക്കാൻ വയ്യ; വീക്കെൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറായി മൈക്രോസോഫ്റ്റ് എഞ്ചിനിയർ
ഏകാന്തത എന്നത് എല്ലാവരിലും ഒരുപോലെയല്ല. ചിലർക്കത് മനോഹരമായി ആസ്വദിക്കാൻ സാധിക്കും. മറ്റുചിലർക്ക് അതിലും വലിയൊരു വേദന വേറെയില്ല. അങ്ങനെ ഏകാന്തത വീർപ്പുമുട്ടിച്ച ഒരു മൈക്രോസോഫ്റ്റ് എഞ്ചിനിയർ അതിനെ നേരിടാൻ കണ്ടെത്തിയ മാർഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
ബെംഗളൂരുവിൽ വാരാന്ത്യങ്ങളിൽ ഏകാന്തതയെ നേരിടാൻ ഓട്ടോറിക്ഷ ഓടിക്കുന്ന മൈക്രോസോഫ്റ്റ് ജീവനക്കാരനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. മൈക്രോസോഫ്റ്റിൻ്റെ ലോഗോ എംബ്രോയ്ഡറി ചെയ്ത ഹൂഡി ജാക്കറ്റ് ധരിച്ചയാളുടെ ഫോട്ടോ വെങ്കിടേഷ് ഗുപ്ത എന്നയാൾ പങ്കിട്ടതോടെയാണ് ചർച്ചയായത്.
‘വാരാന്ത്യങ്ങളിൽ ഏകാന്തതയെ ചെറുക്കാൻ നമ്മ യാത്രി ഡ്രൈവ് ചെയ്യുന്ന കോറമംഗലയിലെ മൈക്രോസോഫ്റ്റിലെ 35 വയസ്സുള്ള സ്റ്റാഫ് സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കണ്ടു’- ഗുപ്ത എക്‌സിൽ എഴുതി. ആൾ ഒരു മൈക്രോസോഫ്റ്റ് ഹൂഡി ധരിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എന്നും അല്ലാതെ അയാൾ ഒരു യഥാർത്ഥ എഞ്ചിനീയർ ആയതുകൊണ്ടല്ല എന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്. എന്തായാലും ഐ ടി ജീവനക്കാർക്കിടയിലെ സമ്മർദ്ദങ്ങൾ ഇതിലൂടെ വീണ്ടും ചർച്ചയാകുകയാണ്.
Story highlights- Microsoft employee in Bengaluru found driving autorickshaw