വീടിന്റെ ചുവരിൽ ദേവദൂതൻ ലുക്കിലുള്ള മോഹൻലാലിനെ വരച്ചു; ആരാധകനെ അഭിനന്ദനം അറിയിച്ച് പ്രിയതാരം

July 27, 2024

ആരാധകരോട് എന്നും അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ് മോഹൻലാൽ. തനിക്കായി അവരെടുക്കുന്ന ഓരോ പരിശ്രമത്തിനും അദ്ദേഹം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ, വീടിന്റെ ചുവരിൽ ദേവദൂതൻ സിനിമയിലെ മോഹൻലാലിൻറെ ലുക്ക് മനോഹരമായി വരച്ച ആരാധകന് പ്രിയതാരത്തിന് സന്ദേശം എത്തിയിരിക്കുകയാണ്.

ചോക്കുപയോഗിച്ച് സ്വന്തം വീടിന്റെ ഭിത്തിയിലാണ് ശ്രീരാജ് എന്ന കലാകാരൻ മോഹൻലാലിൻറെ ചിത്രം വരച്ചത്. ചങ്ങനാശേരി സ്വദേശിയാണ് ശ്രീരാജ്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെ മോഹൻലാൽ ശ്രീരാജിനെ ഫോണിൽ ബന്ധപ്പെട്ടു. ഈ ഫോൺ റെക്കോർഡ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ‘ശ്രീരാജ്, ലാലേട്ടനാണ്. ഞാനിപ്പോൾ ഗുജറാത്തിലാണ് ഇപ്പോൾ ഉള്ളത്. മോൻ വരച്ച പടം കണ്ടു. വളരെ നന്നായിട്ടുണ്ട്’ എന്നാണ് മോഹൻലാൽ ശ്രീരാജിനെ അഭിനന്ദിച്ചത്.

Read also: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം

ദേവദൂതന്റെ റി-റിലീസ് ദിവസത്തിൽ തന്നെ വരച്ചതിൽ സന്തോഷംമെന്നും നാട്ടിൽ വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് മോഹൻലാൽ കോൾ അവസാനിപ്പിക്കുന്നത്. ദേവദൂതനിലെ മോഹൻലാലിന്റെ കഥാപാത്രമായ വിശാൽ കൃഷ്ണമൂർത്തിയെ ആണ് ശ്രീരാജ് വരച്ചത്.

Story highlights- mohanlal congratulates artist’s wall paint