സിഎ പരീക്ഷയിൽ ഉന്നത വിജയം നേടി മകൻ; തെരുവിൽ പച്ചക്കറി സ്റ്റാൾ നടത്തി മകനെ പഠിപ്പിച്ച അമ്മയുടെ സന്തോഷം

July 16, 2024

ചില വിജയങ്ങളുടെ സന്തോഷങ്ങൾക്ക് പിന്നിൽ വലിയൊരു കഷ്ടപ്പാടിന്റെ കഥ പറയാനുണ്ടാകും. അങ്ങനെയൊരു വിജയഗാഥ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. മകൻ ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) പരീക്ഷയിൽ വിജയിച്ചതിൻ്റെ സന്തോഷത്തിൽ കരയുന്ന പച്ചക്കറി വിൽപ്പനക്കാരിയായ അമ്മയുടെ ഹൃദയസ്പർശിയായ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. താനെയിലെ ഡോംബിവ്‌ലിയിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ഒരു അമ്മയുടെ മകനായ യോഗേഷ് സിഎ പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിച്ചു.

ഇപ്പോൾ വൈറലായ വിഡിയോയിൽ, യോഗേഷ് തൻ്റെ അമ്മയുടെ പച്ചക്കറി സ്റ്റാളിലേക്ക് എത്തുന്നതും അവരോട് സന്തോഷവാർത്ത അറിയിക്കുന്നതും കാണാം. യോഗേഷ് തൻ്റെ നേട്ടത്തെക്കുറിച്ച് പങ്കുവെക്കുകയും കരയുകയും ചെയ്യുന്ന നിമിഷം അമ്മ സന്തോഷാധിക്യത്തോടെ കെട്ടിപ്പിടിക്കുന്നത് കാണാം.

Read also: ബാങ്കിംഗ് ജോലിയിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് യുട്യൂബിലേക്ക്; ഇന്ന് വാർഷിക വരുമാനം 8 കോടി!

മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ ആണ് എക്‌സിൽ വിഡിയോ പങ്കിട്ടത്. ‘യോഗേഷ്, നിങ്ങളിൽ അഭിമാനിക്കുന്നു. ഡോംബിവ്‌ലി ഈസ്റ്റിലെ ഗാന്ധിനഗറിലെ ഗിർനാർ മിഠായി ഷോപ്പിന് സമീപം പച്ചക്കറി വിൽപന നടത്തുന്ന തോംബ്രെ മാവ്‌ഷിയുടെ മകൻ യോഗേഷ് ചാർട്ടേഡ് അക്കൗണ്ടൻ്റായി (സിഎ) മാറിയിരിക്കുകയാണ്. കരുത്തും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട്, കഠിനമായ സാഹചര്യങ്ങൾക്കിടയിലും യോഗേഷ് ഈ ഗംഭീര വിജയം നേടിയിരിക്കുന്നു. അവൻ്റെ വിജയത്തിൽ അമ്മയുടെ സന്തോഷാശ്രുവിന് ദശലക്ഷക്കണക്കിന് വിലയുണ്ട്. സിഎ പോലുള്ള കഠിനമായ പരീക്ഷ പാസായ യോഗേഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരു ഡോംബിവ്‌ലിക്കർ എന്ന നിലയിൽ യോഗേഷിൻ്റെ വിജയത്തിൽ ഞാൻ സന്തോഷവാനാണ്. അഭിനന്ദനങ്ങൾ യോഗേഷ്! നിങ്ങളുടെ അടുത്ത ഘട്ടത്തിന് ആശംസകൾ!’- അദ്ദേഹം കുറിക്കുന്നു.

സ്റ്റോറി