വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!
വശ്യമായ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വെളുപ്പ് നിറത്തെയും സീറോ സൈസിനെയും കാലങ്ങളായി സമൂഹം നോക്കികാണുന്നത്. വെളുപ്പ് സ്വാഭാവിക നിറമായും ഇരുണ്ട നിറം അസാധാരണമായ ഒന്നായും നമ്മുടെ അബോധ മനസിൽ കുടിയിരിക്കുന്നു. അത്തരത്തിലുള്ള പക്ഷപാതങ്ങളെ തുടർന്ന് തൊലി നിറത്തിന്റെയും ശാരീരിക ഘടനയുടെയും അടിസ്ഥാനത്തിൽ ഒരാളെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തുന്നതും നാം കാണാറുണ്ട്. നിരന്തരമായ അവഗണനകൾക്ക് സാക്ഷിയാകുന്നതോടെ പലരുടെയും മനസുകളിൽ കറുപ്പിനോടുള്ള ഭയം അധികരിക്കുകയും മോഡലിങ്, ഫാഷൻ അടക്കമുള്ള മേഖലകൾ വെറുമൊരു സ്വപ്നമായി മാറുകയും ചെയ്തിട്ടുണ്ട്. ( Abirami Krishnan journey in modeling )
നിരവധി അവഗണനകൾ പിറകോട്ടടിച്ചെങ്കിലും, അതെല്ലാം തരണം ചെയ്ത് ഫാഷൻ ലോകത്തേക്ക് ചുവടുവച്ച് നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശിനി അഭിരാമി കൃഷ്ണൻ. ചെറുപ്പം മുതൽ മോഡലിങ് ഇഷ്ടമായിരുന്ന അഭിരാമി നിറത്തിന്റെയും ശാരീരികഘടനയുടെയും പേരിൽ നിരവധി തവണ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മോഡലിങ് എന്നതിലുപരി അഭിനയരംഗത്തേക്ക് എത്താനായിരുന്നു അവർ അതിയായി ആഗ്രഹിച്ചിരുന്നത്. സ്കൂൾ കാലം മുതൽ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് നിരവധി പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു. എന്നാൽ നിറം കറുപ്പായി എന്ന കാരണത്താൽ പ്രോഗ്രാമിന്റെ മുൻനിരയിൽ നിന്നും മാറ്റി നിർത്തിയതടക്കം വേദനപ്പിക്കുന്ന അനുഭവങ്ങളിലൂടെ അഭിരാമി കടന്നുപോയിട്ടുണ്ട്.
ചെറിയക്ലാസുകളിൽ നിന്ന് തന്നെ ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിട്ടതോടെ പലപ്പോഴും തന്റെ സ്വപ്നത്തിലേക്കുള്ള പാതയിൽ നിന്നും മാറി ചിന്തിച്ചിരുന്നു. എന്നാൽ തന്റെ കുറവുകളെന്ന് സമൂഹം മുദ്രകുത്തിയ കാര്യങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയ അഭിരാമി പതിയെ തന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. ഇതോടെ അഭിനേത്രിയാകണം എന്ന ആഗ്രഹത്തിന് വീണ്ടും ജീവൻ വച്ചു.
അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പരിശ്രമിച്ചിരുന്ന സമയത്താണ് മിസ് മില്ലേനിയൽ ഇന്ത്യ എന്നൊരു ഇവന്റ് ശ്രദ്ധയിൽപെടുന്നത്. അതിൽ പങ്കെടുക്കുകയും മിസ് മില്ലേനിയൽ കേരള എന്നൊരു പേജന്റിൽ വിജയിയാകുകയും ചെയ്തു. ഈ മത്സരത്തിലെ വിജയത്തോടെയാണ് മോഡലിങ് രംഗത്ത് സജീവമാകുന്നത്. ആത്മവിശ്വാസം തിരികെപിടിച്ച അഭിരാമി, നാഗ്പൂരിൽ നടന്ന മിസ് നേഷൻ 2024 സെക്കൻഡ് റണ്ണറപ്പായതോടെയാണ് വാർത്തകളിൽ നിറയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 മത്സരാർഥികളിൽ നിന്നാണ് 24-കാരിയായ അഭിരാമി നേട്ടം സ്വന്തമാക്കിയത്.
ആർക്കിടെക്റ്റായ അഭിരാമി കൃഷ്ണൻ മിസ് മില്ലേനിയൽ കേരള 2021, മിസ് ടോപ് ഫാഷൻ മോഡൽ 2021 എന്നീ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മോഡലിംഗിനു പുറമെ അഭിനയ മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് അഭിരാമി. നിറവും വണ്ണവുമെല്ലാം സൗന്ദര്യത്തിന്റെ അളവുകോലാകുന്ന ഇക്കാലത്ത് അഭിരാമിയെ പോലെയുള്ളവരുടെ നേട്ടങ്ങൾ വരും തലമുറയ്ക്ക് കൂടുതൽ പ്രചോദനമാകും.
Story highlights : Abirami Krishnan journey in modeling