‘കസകസ’ ആടി വിനായകൻ; തീപ്പൊരി ​ഗാനവുമായി ‘തെക്ക് വ‌ടക്ക്’ ടീം..!

September 21, 2024

പുതിയ റീൽ മ്യൂസിക്കും സ്റ്റെപ്പുകളും തിരയുന്ന സോഷ്യൽ മീഡിയക്കി മുന്നിലേക്ക് ‘കസകസ’ എന്ന പുതിയ ട്രെൻഡ് മ്യൂസിക്കും സ്റ്റെപ്പുകളുമായി വിനായകനും സംഘവും. ആവേശം സിനിമയിലെ പാർട്ടി സോങ്ങുകൾ കേൾവിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന വാർത്തകൾക്കിടയിലാണ് മറ്റൊരു അടിപൊളി പാട്ടും വിനായകന്റെ തീപ്പൊരി ഡാൻസുമായി പ്രേക്ഷകരിൽ എത്തുന്നത്. ഒക്ടോബർ നാലിന് ലോകമാകെ തിയേറ്ററുകളിലെത്തുന്ന തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകൻ സാം സി.എസ് സം​ഗീതം നൽകിയ ​ഗാനം ആന്റണി ദാസൻ, സാം സി.എസ്, പ്രസീദ പാലക്കൽ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ഒടിയൻ, ബ്രോഡാഡി, ബറോസ് എന്നീ സിനിമകൾക്കു ശേഷം ലക്ഷ്മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. ( Thekku Vadakku movie music launch kasakasa )

പാർട്ടിയിൽ ആടിത്തിമിർക്കുന്ന വിനായകനേയും കൂട്ടരെയുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയിലറിലെ ഡാൻസ് നമ്പരുകളിലൂടെ ശ്രദ്ധേയനായ നടൻ വിനായകന്റെ പുതിയ രൂപവും ഭാവവുമാണ് സിനിമയിൽ. ചിരിച്ചും രസിച്ചും ഡാൻസ് ചെയ്യുകയാണ് വിനായകൻ. ഡാൻസറായ വിനായകന്റെ ഇത്തരം ഡാൻസ് സിനിമകളിൽ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു. കസ കസ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നുവെന്നാണ് റിപ്പോർട്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

തിങ്ക് മ്യൂസിക്കിലൂടെയാണ് തെക്ക് വടക്കിലെ ഗാനങ്ങൾ പുറത്തു വരുന്നത്. ജാസി ഗിഫ്റ്റ്, ജീമോൻ, യദു തുടങ്ങിയവരും പാടിയിട്ടുണ്ട്. സിനിമയിൽ നാല് ഗാനങ്ങളാണുള്ളത്. പശ്ചാത്തല സംഗീതവും സാം സി.എസാണ് ഒരുക്കുന്നത്.

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read Also : ‘മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്?’; ഒക്ടോബർ 4 മുതൽ ലോകമാകെ ‘തെക്ക് വടക്ക്’ !

ജയിലറിന് ശേഷം വലിയ മുഖം മാറ്റത്തോടെയാണ് വിനായകൻ കഥാപാത്രമാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത വേഷപ്പകർച്ചയാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Read Also : കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം

ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ. ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും.

Story highlights : Thekku Vadakku movie music launch kasakasa