ഇത് കണ്ടിരിക്കേണ്ട, കണ്ണ് നിറയ്ക്കുന്ന ചിത്രം: പ്രേക്ഷക ഹൃദയം കീഴടക്കി ‘അം അഃ’
അമ്മയോളം വലിയ സ്‌നേഹക്കടല്‍ മറ്റെന്താണ്!
മനുഷ്യ ജീവിതത്തില്‍ അമ്മ വഹിക്കുന്ന പങ്ക് അത്രമേല്‍ വലുതുമാണ്. ഈ സ്‌നേഹക്കടലിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കുകയാണ് കവിപ്രസാദ് ഗോപിനാഥിന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ‘അം അഃ’ എന്ന സിനിമ. മലയാള സിനിമയില്‍ കുറെ നാളുകളായി കാണാതെ പോയ ഇഴയടുപ്പമുള്ള കുടുംബ ജീവിതമെന്ന പ്രമേയം പുതുമയോടെ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ വിജയം. (Am Ah Movie Review)
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ താമസിക്കുന്ന സാധാരണക്കാരില്‍ സാധാരക്കാരായ മനുഷ്യരുടെ ഇടയിലേക്ക് റോഡ് പണിയ്ക്കായി സ്റ്റീഫന്‍ എന്ന ദിലീഷ് പോത്തന്‍ കഥാപാത്രം എത്തുന്നതോടുകൂടി സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കണ്ടിരിക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന സിനിമ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.
സ്റ്റീഫന്റെ യാത്രകളിലൂടെ മുന്നോട്ട് പോകുന്ന സിനിമ, ഗാഢമായ സ്‌നേഹം പങ്കുവെച്ച് ജീവിക്കുന്ന അമ്മിണിയുടേയും മകളുടേയും ജീവിതത്തിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരില്‍ ആസ്വാദനത്തിന്റെ പുത്തന്‍ ലോകം സൃഷ്ടിക്കുന്നു. ചുണ്ടില്‍ ചേര്‍ത്ത് വെച്ച് ചെറു പുഞ്ചിരിയും വിങ്ങുന്ന ഹൃദയവുമായി സിനിമ കഴിഞ്ഞിറങ്ങാന്‍ അവസരം നല്‍കുന്നുണ്ട്. സസ്‌പെന്‍സും ഇമോഷണല്‍ നിമിഷങ്ങളും ചേര്‍ത്ത് വെച്ച് സിനിമ ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കസേര വലിച്ചിട്ട് കഴിഞ്ഞു.
Read also: കടുവച്ചാലിൽ അവറാന് ശേഷം സ്റ്റീഫനായി ദിലീഷ് പോത്തൻ; അം അഃ -യുടെ ട്രെയ്ലർ പുറത്ത്..!
ദിലീഷ് പോത്തന്‍, ദേവദര്‍ശിനി, കോഴിക്കോട് ജയരാജ്, ശ്രുതി ജയന്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍, ടി.ജി.രവി, അനുരൂപ്, കബനി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. മത്സരിച്ച് അഭിനയിക്കുക എന്നത് കാണിച്ച് തരുന്ന ചിത്രം അഭിനയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ പ്രേക്ഷക പ്രീതി നേടിയെടുക്കുന്നുണ്ട്.
ഒന്ന് മറ്റൊന്നിനോട് ചേര്‍ത്ത് നില്‍ക്കുന്ന വിധമാണ് സിനിമയുടെ എല്ലാ മേഖലകളും. പ്രേക്ഷകനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഇമോഷണലായ പ്രമേയം തെല്ലും ഭംഗി കുറയാതെ തന്നെ കാഴ്ച്ചക്കാരിലെത്തിക്കാന്‍ സിനിമയുടെ സംഗീതവും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതത്തിന് പിന്നില്‍.
Story highlights: Am Ah Movie Review