ബെസ്റ്റാണ് ഈ ‘ബെസ്റ്റി’ ഗാനങ്ങൾ; ഇന്ത്യയൊട്ടാകെ മ്യൂസിക്ക് റിലീസ് ചടങ്ങുകൾ..!

January 19, 2025

മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയേറ്ററുകളിലെത്തും. ബെസ്റ്റിയിലെ ഗാനങ്ങൾ മുംബൈയിൽ നടന്ന ചടങ്ങിൽ വെച്ച് ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ റിലീസ് ചെയ്തു. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ( Besty audio launch happened in Mumbai )

കഴിഞ്ഞ ദിവസം മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നീ താരങ്ങളും പാട്ട് സംഗീത പ്രേമികള്‍ക്ക് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പങ്കുവച്ചിരുന്നു. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടങ്ങുന്ന സദസ്സിൽ ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍ കിടാവുപോല്‍ താഴ്‌വര’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ജാവേദ് അലി ആലപിച്ച ഹിന്ദി ഖവാലി ഗാനവും ചിത്രത്തിലെ ഹൈലൈറ്റാണ്.

ചിത്രത്തിലെ ഖവാലി ഗാനം റെക്കോഡ് ചെയ്യുമ്പോൾ വരികൾക്കൊപ്പം മനസിലൂടെ കടന്നുപോയ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജാവേദ് അലി. പ്രണയ ഗാനങ്ങളും ഐറ്റം ഗാനങ്ങളും പോലെയല്ല, ഖവാലി ഗാനങ്ങളെന്നും ജാവേദ് സൂചിപ്പിച്ചു. വരികളിലെ വൈകാരികതയാണ് പാടുമ്പോഴും കേൾക്കുമ്പോഴുമെല്ലാം മൂഡ് ഉണർത്തുന്നതെന്നും ജാവേദ് കൂട്ടിച്ചേർത്തു.

ബെൻസിയുടെ ബാനറിൽ ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും അഷ്‌കർ സൗദാൻ സന്തോഷം പങ്ക് വച്ചു. മുംബൈ നഗരവുമായി തനിക്കൊരു പഴയ ബന്ധമുണ്ടെങ്കിലും ഹിന്ദി ഇപ്പോഴും വഴങ്ങുന്നില്ലെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ പറഞ്ഞത്. ആക്ഷനും പാട്ടുകളും നാടകീയ മുഹൂർത്തങ്ങളുമായി സസ്‌പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ ആയിരിക്കും ബെസ്റ്റി എന്നാണ് സാക്ഷി അഗർവാൾ പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ത്രില്ലിലാണ് സാക്ഷി അഗർവാൾ.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന 12-ാം ചിത്രമാണ് ‘ബെസ്റ്റി’. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളിൽ ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ സന്തോഷം രേഖപ്പെടുത്തി.

Read Also : ‘വെള്ളമഞ്ഞിൻ്റെ തട്ടവുമായി’ ഹിറ്റ് ടീം വീണ്ടും; പ്രേക്ഷകർ ഏറ്റെടുത്ത് ബെസ്റ്റിയിലെ പുതിയ ​ഗാനം..!

സുരേഷ് കൃഷ്ണ, ജോണി ആന്റണി, ശ്രവണ, സാക്ഷി അഗർവാൾ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രേക്ഷകർക്ക് ​ഗംഭീര വിഷ്വൽ ട്രീറ്റാണ് ഒരുക്കുന്നത്. നർമ്മം ചാലിച്ചെത്തിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ പൊന്നാനി അസീസിന്റെതാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ‘ബെസ്റ്റി’ ബെൻസി റിലീസ് വിതരണത്തിനെത്തിക്കും.

Story highlights : Besty audio launch happened in Mumbai