സാധാരണയിൽ അസാധാരണ കഥാവഴി; തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി..!
ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ എന്നിവർ രചിച്ചു സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ഐഡന്റിറ്റി. തെന്നിന്ത്യൻ താരം തൃഷ നായിക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജു മല്യത്, റോയ് സി ജെ എന്നിവർ ചേർന്ന് രാഗം മൂവീസ്, കോൺഫിഡന്റ് ഗ്രൂപ് എന്നിവയുടെ ബാനറിലാണ്. ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ത്രില്ലറിൽ തമിഴ് താരം വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി എന്നിവരും വേഷമിട്ടിട്ടുണ്ട്. ടോവിനോ തോമസിനെ തന്നെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ ഫൊറെൻസിക്കും മികച്ച വിജയം നേടിയിരുന്നു എന്നത് പ്രേക്ഷക പ്രതീക്ഷ വർധിക്കാൻ കാരണമായിട്ടുണ്ട്. ( Identity malayalam movie review )
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ, അതിന്റെ ദൃക്സാക്ഷിക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും വിനയ് റായ് അവതരിപ്പിക്കുന്ന പൊലീസ് ഓഫിസറും സംഘവും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തൃഷയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അലിഷ എന്ന കഥാപാത്രമായി എത്തുന്നത്. എന്നാൽ ഈ ശ്രമങ്ങൾക്കിടയിൽ ചില രഹസ്യങ്ങളുടെ ചുരുളഴിയുന്നതോടെ ചിത്രം ട്രാക്കിലാവുന്നു.
ഒരിക്കൽ കൂടി ഒരു കിടിലൻ ത്രില്ലറാണ് അഖിൽ പോൾ- അനസ് ഖാൻ ടീം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ നമ്മുക്ക് സമ്മാനിച്ചത്. സംവിധായകർ എന്ന നിലയിലും ഇതിന്റെ രചയിതാക്കൾ എന്ന നിലയിലും ഇവർ രണ്ടു പേരും പുലർത്തിയ അസാമാന്യമായ കയ്യടക്കമാണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ നട്ടെല്ലായി നിൽക്കുന്നത്. ഒരു പക്കാ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന രീതിയിൽ ഒരുക്കിയപ്പോൾ തന്നെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെയുള്ള മാസ്സ് എലമെന്റുകളും വളരെ വിദഗ്ദ്ധമായി ചിത്രത്തിലുൾപ്പെടുത്താൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഗംഭീരമായ രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ നവാഗത സംവിധായകർക്ക് കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും അതുപോലെ തന്നെ ഉദ്വേഗവും ആകാംഷയും നിറഞ്ഞ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും ഇവരുടെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട്. വൈകാരിക രംഗങ്ങളും ആക്ഷനും ത്രില്ലും സസ്‌പെൻസുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് അവർ ഐഡന്റിറ്റി അവതരിപ്പിച്ചിരിക്കുന്നത്.
ടൊവിനോ തോമസിന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന ഒരു ഘടകം. വളരെ സ്വാഭാവികമായി ഹരൻ ശങ്കർ എന്ന കഥാപാത്രമായി മാറാൻ ടൊവിനോക്ക് സാധിച്ചു. അത്രമാത്രം മികച്ച രീതിയിൽ, വൈകാരിക തീവ്രതയോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ ടോവിനോ തോമസിന്റെ പ്രകടനത്തിന് കഴിഞ്ഞിട്ടുണ്ട്. അലിഷ എന്ന നായിക കഥാപാത്രമായി എത്തിയ തൃഷ കൃഷ്ണൻ ഗംഭീര പ്രകടനമാണ് നൽകിയത്. വളരെ ശക്തമായ രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഇവരോടൊപ്പം വിനയ് റായ്, അജു വർഗീസ്, അർച്ചന കവി, ജിജു ജോൺ, മന്ദിര ബേദി, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.
അഖിൽ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ മികച്ച ദൃശ്യങ്ങളുടെ പങ്ക് നിർണായകമായിരുന്നു. ദൃശ്യങ്ങളുടെ മിഴിവ് ചിത്രത്തെ സാങ്കേതികമായി മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ് ഉയർത്തുന്നതിൽ വളരെ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട് . എഡിറ്റിംഗ് നിർവഹിച്ച ചമൻ ചാക്കോ തന്റെ ജോലി ഏറ്റവും മികച്ചതാക്കിയപ്പോൾ നല്ല വേഗതയിൽ, പ്രേക്ഷകനെ ഉദ്വേഗഭരിതനാക്കി തന്നെയാണ് ഐഡന്റിറ്റി കഥ പറഞ്ഞത്.
Read Also : സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; പ്രതീക്ഷയുണർത്തുന്ന പ്രഖ്യാപനം!
ചുരുക്കി പറഞ്ഞാൽ ഐഡന്റിറ്റി എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും ഗംഭീര നിലവാരം പുലർത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന് ഒരു ഗംഭീര സിനിമാനുഭവമായിരിക്കും ഈ ചിത്രം നൽകുക എന്നത് ഉറപ്പിച്ചു പറയാൻ സാധിക്കും.
Story Highlights : Identity malayalam movie review