ടൊവിനോയുടെ ‘നരിവേട്ട’യ്ക്ക് പാക്കപ്പ്; വൈകാരിക കുറിപ്പുകളുമായി അണിയറ പ്രവർത്തകർ..!

January 20, 2025

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു.എ.ഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അടുത്തിടെ പൂർത്തിയായ ചിത്രീകരണത്തിന് ശേഷം, നായകൻ ടൊവിനോ തോമസ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വൈകാരികമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാവും, ഒരു സിനിമയു‌ടെ ചിത്രീകരണം പൂർത്തിയാകുമ്പോൾ തന്നെ ഇത്രയധികം വൈകാരിക അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുന്ന വാക്കുകൾ അതിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്നത്. ( Narivetta team shared emotional experience )

ചിത്രത്തിൻ്റെ പാക്കപ്പിന് ശേഷം ടൊവിനോ തോമസ് കുറിച്ചത് ഇങ്ങനെ- നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസവും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത് എന്നാണ്. സുഖവും സന്തോഷവും തോന്നുന്ന ഒരുപാട് ഓര്‍മകള്‍ ഈ ഷൂട്ടിങ് കാലം തനിക്ക് സമ്മാനിച്ചെന്നും, മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്ക് വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു എന്നും അദ്ദേഹം പറയുന്നു. നരിവേട്ടയില്‍ ഒറ്റമനസോടെ, ഒരു സ്വപ്‌നത്തിനുവേണ്ടി ഒരുകൂട്ടം ആളുകള്‍ മുന്നും പിന്നും നോക്കാതെ ഓടിനടന്നു എന്നും, വലിയൊരു സിനിമ, തീരുമാനിച്ച സമയത്ത്, പരമാവധി പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്, എല്ലാവരും സ്‌നേഹത്തിലും ബഹുമാനത്തിലും ജോലി ചെയ്തതുകൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിയ്ക്കുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രമെന്ന് വെളിപ്പെടുത്തിയ ടൊവിനോ, വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം താൻ നടത്തിയത് എന്നതും എടുത്തു പറഞ്ഞു. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും കഥാപാത്രത്തോടൊപ്പം താനും അനുഭവിച്ചു. എന്നും മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട. എന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

Read Also : “മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട” – ടൊവിനോയുടെ പോസ്റ്റ് വൈറൽ..!

പ്രതിസന്ധികളും വെല്ലുവിളികളും ഒരുപാടുണ്ടായിരുന്നു എന്നും അതിനെ തങ്ങൾ ഒറ്റക്കെട്ടായി അതിജീവിച്ചുവെന്നും നിർമ്മാതാവ് ടിപ്പു ഷാൻ കുറിച്ചു. ജീവിതത്തിലെ മറക്കാനാകാത്ത, പുതിയ പാഠങ്ങൾ പഠിപ്പിച്ച ജീവിതത്തിലെ ഒരു ഏടാണ് തങ്ങൾക്ക് ഈ ചിത്രമെന്ന് മറ്റൊരു നിർമാതാവായ ഷിയാസ് ഹസ്സൻ പറയുന്നു. ഷൂട്ടിംഗ് കാലയളവിൽ തങ്ങൾ അറിഞ്ഞതും മനസ്സിലാക്കിയതുമായ പാഠങ്ങൾ ഒരു സ്‌കൂളിനും തരാൻ കഴിയുന്നതായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ വേഷമിട്ട റിനി കെ രാജൻ, സിനിമയുമായി ബന്ധപെട്ട് പ്രവർത്തിച്ച രതീഷ് കുമാർ രാജൻ, പ്രണവ് പറശ്ശിനി, ഗോകുൽനാഥ് ജി എന്നിവരുടെ വാക്കുകളും ഏറെ ശ്രദ്ധയാകർഷിച്ചു. ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഏറെ നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് നരിവേട്ട എന്ന് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും താരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ഷൂട്ട് ചെയ്തു. നിർമാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്.

എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിഒപി – വിജയ്, ആർട്ട്‌ – ബാവ, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ – ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Story Highlights : Narivetta team shared emotional experience