‘അപ്രതീക്ഷിത ക്ലൈമാക്സ്, പ്രേക്ഷക പ്രശംസ നേടി ആന്റണി പെപ്പെയുടെ പഞ്ച്’; ബോക്‌സ് ഓഫീസ് ചാമ്പ്യനായി ‘ദാവീദ്’
![](https://flowersoriginals.com/wp-content/uploads/2025/02/Untitled-design-2025-02-15T164540.239.jpg)
ആന്റണി പെപ്പയുടെ പുതിയ ചിത്രം ‘ദാവീദ്’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ആന്റണി വർഗീസ് പെപ്പെ ബോക്സറായി എത്തുന്ന ചിത്രത്തിന് ഇതിനോടകം മികച്ച റിപ്പോർട്ടാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. ഗോവിന്ദ് വിഷ്ണു തന്റെ ആദ്യ സംവിധാന സംരംഭം കുറ്റമറ്റതാക്കി.ആക്‌ഷൻ സ്റ്റാറായ പെപ്പെയുടെ കിന്റൽ അടി തന്നെയാണ് ദാവീദിന്റെയും ഹൈലൈറ്റ്.ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ദാവീദ് പറയുന്നത്.(Daveed Movie Takes Box Office by Storm)
അച്ഛൻ മകൾ സെന്റിമെന്റ്സും കുടുംബ പശ്ചാത്തലവുമൊക്കെയാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്റെർവെല്ലോടു കൂടി സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു. സിനിമയുടെയും കഥാപാത്രത്തിന്റെയും ട്രാൻസ്ഫോർമേഷനാണ് രണ്ടാം പകുതി. ക്ലൈമാക്സ് ഫൈറ്റൊക്കെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ക്ലൈമാക്സ് കൊണ്ടുപോകുന്നത്. ഗുസ്തി ആശാനായ രാഘവന്റെ കഥാപാത്രമായി വിജയരാഘവൻ മികവു പുലർത്തി.നായികയായ ലിജോമോൾ എന്നിവരും മിന്നും പ്രകടനം കാഴ്ച വച്ചു. സൈജു കുറുപ്പിന്റെ വേഷം ചിരി പടർത്തി. ചിത്രത്തിന് വേണ്ടി 6 മാസത്തോളം ബോക്സിങ് ട്രെയ്‌നിങ്ങെടുത്ത പെപ്പെയ്ക്ക് ഒദ്യോഗിക ബോക്സിങ് ലൈസൻസും ലഭിച്ചതും വാർത്തയായിരുന്നു.
സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍.
Story highlights- Daveed Movie Takes Box Office by Storm