ദുൽഖർ സൽമാൻ- സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

April 26, 2025

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ലുക്ക് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പുറത്ത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്. ചിത്രത്തിന്റെ ടീസർ ട്രെയിലർ എന്നിവയും കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ , സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഭാഗശ്രീയുടെ ചിത്രത്തിലെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു.

മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

Read also: സൗഹൃദ ബന്ധത്തിന്റെ യാത്ര തുടങ്ങുന്നു.. ആസിഫ് അലി നായകനായ ‘സർക്കീട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

Story highlights- kaantha poster out now