‘ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണം’; ‘അടിനാശം വെള്ളപൊക്ക’ത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു

May 19, 2025

‘അടി കപ്യാരെ കൂട്ടമണി’, ‘ഉറിയടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന്‍ എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘അടിനാശം വെള്ളപൊക്ക’ത്തിന്റെ ടീസർ പുറത്തിറങ്ങി. സൂര്യ ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി. ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുൻപേ തന്നെ ഇറങ്ങിയിരുന്നെങ്കിലും ഇപ്പോഴിറങ്ങിയ ടീസർ കൂടുതൽ ശ്രദ്ധേയമാകുന്നത് ₹@സർക്കാസ്റ്റിക്കായ അവതരണരീതിയിലൂടെയാണ്. ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് ടീസറിനെ കൂടുതൽ കൗതുകരവും അതേസമയം രസകരവുമാകുന്നത്. ഡ്രഗ്സിന് അടിമപ്പെടുന്ന കുട്ടികൾക്ക് മാതൃകയാകേണ്ടി വരുന്ന ഷൈൻ ടോം ചാക്കോയുടെ ടീസറിലെ അഭിനയവും ശ്രദ്ധേയമാണ്.

എഞ്ചിനിയറിങ് കോളജിന്‍റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടി ശോഭനയായിരുന്നു നിർവ്വഹിച്ചിരുന്നത്. ക്യാംബസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആന്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർടെയ്നറാണ് ‘അടിനാശം വെള്ളപ്പൊക്കം ‘.

Read also: ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റർ ലിജോ പോൾ, സംഗീതം സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം ശ്യാം, വസ്ത്രാലങ്കാരം സൂര്യ എസ്, വരികൾ ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ.വി., ഇലക്ട്രോണിക് കിളി, മേക്കപ്പ് അമൽ കുമാർ കെ സി, പ്രൊഡക്‌ഷൻ കൺട്രോളർ സേതു അടൂർ, സംഘട്ടനം തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹാദ് സി, വിഎഫ്എക്സ് പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് മുഹമ്മദ് റിഷാജ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്.

Story highlights- Adinasham vellapokkam teaser out now