പ്രേക്ഷകപ്രതീക്ഷയുടെ മുൾമുനയിൽ; ‘നരിവേട്ട’യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു- 23ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സൈറ്റുകളിലിപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യമായി പുറത്തിറങ്ങിയ പാട്ട്. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ആ ഗാനത്തിന് തൊട്ട് പിന്നാലെയാണ് ‘ആട് പൊൻ മയിലേ..’ എന്ന ട്രൈബൽ ഗാനം പുറത്തിറങ്ങുകയും റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെയത് ട്രെൻഡിങ്ങിലേക്ക് എത്തുകയുമുണ്ടായത്. ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്ന വിധത്തിലാണ് റാപ്പർ വേടൻ പാടിയ ‘വാടാ വേടാ..’ എന്ന പ്രൊമോ ഗാനം കൂടി ചിത്രത്തിന്റെതായി ഇന്നലെ പുറത്തെത്തിയത്. വിവാദങ്ങൾക്ക് ശേഷം വേടൻ പാടുന്ന ഏറ്റവും പുതിയ ഈ സിനിമ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയർത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.
‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങറ ഭൂസമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read also: ‘വാടാ വേടാ..’: ‘നരിവേട്ട’യ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും- പുതിയ ഗാനം പുറത്തിറങ്ങി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.
Story highlights- Advance booking for movie ‘Narivetta’ started