‘മാർക്കോ’ ‘കെജിഎഫ്’ ഫെയിം രവി ബസ്‌റൂർ, ‘കാന്താര’ ഫെയിം അജനീഷ് ലോക്നാഥ്- ‘കാട്ടാളൻ’ സിനിമയിലൂടെ പാൻ ഇന്ത്യൻ സംഗീത സംവിധായകരെ മലയാളത്തിലെത്തിച്ച് ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ്!

കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ ‘മാർക്കോ’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന് സംഗീതമൊരുക്കാനായി, ‘കാന്താര’, ‘മഹാരാജ’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് മലയാളത്തിലെത്തുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ‘കാന്താര’യുടെ രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയതിന് ശേഷം അജനീഷ് ലോക്നാഥ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കാട്ടാളന്’ ഉണ്ട്. ആദ്യ ചിത്രമായ ‘മാർക്കോ’യിൽ ‘കെജിഎഫ്’ സിനിമ സീരിസ് ഫെയിം രവി ബസ്‌റൂറിനെ സംഗീത സംവിധായകനായി കൊണ്ട് വന്ന ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ്, രണ്ടാം ചിത്രമായ ‘കാട്ടാളനി’ലൂടെയും മലയാളത്തിലെത്തിക്കുന്നത് തെന്നിന്ത്യയിലെ വമ്പൻ സംഗീത സംവിധായകനെയാണ്.
ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസ് രണ്ടാം സിനിമയിലേക്ക് കടക്കുമ്പോഴും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ‘ജയിലർ’, ‘ലിയോ’, ‘ജവാൻ’, ‘കൂലി’ തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീമിനെയാണ് ‘കാട്ടാളന്റെ’ ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ക്യൂബ്സ് എന്റെർറ്റൈന്മെന്റ്സ് മലയാളത്തിലെത്തിച്ചതെന്നതും ശ്രദ്ധേയമാണ്.
Read also:യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂൺവാക്ക്’ മെയ് 30ന് തിയേറ്ററുകളിലേക്ക്
അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ കണ്ടന്റ് ഡെലിവറിയുടെയും മാർക്കറ്റിംഗിന്റെയും കാര്യത്തിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച ക്യൂബ്സ് എന്റർടൈൻമെന്റും മാസ്സ് ആക്ഷൻ ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ആന്റണി വർഗീസ് പെപ്പെയും ഒന്നിക്കുമ്പോൾ മറ്റൊരു ഗംഭീര പാൻ ഇന്ത്യൻ സിനിമ തന്നെയാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ താരനിരയെ കുറിച്ചുള്ള മറ്റു വിവരങ്ങളും സാങ്കേതിക പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തു വരും. വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Story Highlights- Pan Indian music directors associating with Movie Kattalan