ഹൃദയം കവർന്ന് ‘പ്രിൻസ് ആൻഡ് ഫാമിലി’

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗത സംവിധായകനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്തദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ ഇന്ന് തിയേറ്ററുകളിൽ എത്തി. ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ സൂപ്പർ ഹിറ്റുകൾ രചിച്ച ഷാരിസ് മുഹമ്മദാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഒട്ടും ക്ളീഷേ ഇല്ലാത്ത മനോഹരമായ സിനിമ. ജോണി ആന്റണി ദിലീപ് കോംബോ എടുത്തു പറയേണ്ടതാണ്. വളരെ മനോഹരമായി തന്നെ ദിലീപിനെ അവതരിപ്പിക്കാൻ ബിന്റോ സ്റ്റീഫന് കഴിഞ്ഞുവെന്ന് തന്നെ പറയാം. ഇത് കൂടാതെ മലയാള സിനിമയ്ക്ക് പുതിയൊരു നായികയെ കൂടി ലഭിച്ചിരിക്കുന്നു റോണിയ. ദിലീപിന്റെ അനിയന്മാരെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും ജോസുകുട്ടി ജേക്കബും ആണ്.
ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും സന്തോഷകരമായ നിമിഷങ്ങളും ചേർത്തൊരുക്കിയ മനോഹരമായ ഒരു കുടുംബ ചിത്രം തന്നെയാണ്” പ്രിൻസ് ആൻഡ് ഫാമിലി”. ദിലീപിനെ കൂടാതെ,സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, തുടങ്ങിയ വമ്പൻ താരനിരകളും നിരവധി പുതുമുഖങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.
പ്രിൻസിന്റെയും അനിയന്മാരുടെയും കഥ രസകരമായി മുന്നോട്ടുപോകുമ്പോൾ ചിഞ്ചു എന്ന സോഷ്യൽ മീഡിയ ഇൻഫ്ലു വൻസർ പ്രിൻസിന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ സിനിമയുടെ ഗതിതന്നെ മാറിമറിയുകയാണ് . ഇപ്പോഴത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളും വ്യക്തമായി ഈ സിനിമയിലൂടെ പറയുന്നു. തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചും , കണ്ണുകൾ നനയിച്ചും ഈ സിനിമ ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു. ധൈര്യമായിത്തന്നെ ടിക്കറ്റ് എടുത്തോളൂ,പ്രിൻസ് നിങ്ങളെ നിരാശപ്പെടുത്തില്ല.
Story highlights- prince and family getting good responses from the audience