നമിത് മൽഹോത്രയുടെ ‘രാമായണ’- ചിത്രത്തിന്റെ ഗ്രാൻഡ് പ്രൊമോ ലോഞ്ച് നടന്നു

‘Ramayana: The Introduction എന്ന ഇൻഡ്യൻ ഇതിഹാസ ചിത്രത്തിൻറെ ഗ്രാൻറ് പ്രൊമോ ലോഞ്ച് 2025 ജൂലൈ 3-ന് നടന്നു. രൺബീർ കപൂറും, യാഷും ആദ്യമായി ഒന്നിക്കുന്ന ഈ ചലച്ചിത്രം മികച്ച ഒരു ക്യാൻവാസിൽ അണിയിച്ചൊരുക്കാനാണ് ചിത്രത്തിൻറെ സംവിധായകനും, നിർമ്മാതാക്കളും പരിശ്രമിക്കുന്നത്. പുരാണത്തിലെ വലിയ ശക്തികളായ ശ്രീരാമനും രാവണനും തമ്മിലുള്ള ഐതിഹാസിക യുദ്ധങ്ങളും, ഏറ്റുമുട്ടലുകളും പുത്തൻ കാഴ്ചകളിലൂടെ ഒരു മറക്കാനാകാത്ത ദൃശ്യാനുഭവമായി പ്രേക്ഷകരിലേക്ക് എത്തും. ദീർഘവീക്ഷണമുള്ള ഫിലിം മേക്കറും, നിർമ്മാതാവുമായ നമിത് മൽഹോത്രയുടെ നേതൃത്വത്തിൽ യാഷ് സഹനിർമ്മാതാവായി അണിയറയിൽ പുരോഗമിക്കുന്ന രാമായണ സിനിമയിൽ, ഓസ്കാർ ജേതാക്കളായ സാങ്കേതിക വിദഗ്ധർ, ഹോളിവുഡിലെ തന്നെ ഏറ്റവും മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര നിലവാരമുള്ള വൻ താരനിര എന്നിങ്ങനെ ഒരു ശക്തമായ ക്രീയേറ്റീവ് ടീമിനെ തന്നെ ഒരുമിച്ച് കൊണ്ടുവരുന്നു.
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഈ പുരാണ സിനിമയെ വൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ ഒമ്പത് ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള ആരാധകർക്കായി വിവിധ സ്‌ക്രീനുകളിലും ഒപ്പം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റുന്ന തരത്തിലുമാണ് ഈ സിനിമയുടെ പ്രൊമോ ലോഞ്ച് ചെയ്യപ്പെട്ടത്.
ലോകത്തിലെ തന്നെ ശക്തമായ ഇതിഹാസങ്ങളിലൊന്നിനെ ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നി അതിനൂതന സിനിമാറ്റിക് അനുഭവത്തിൽ ലോകത്തിനായി പുനരാവിഷ്കരിച്ചിരിക്കുകയാണ് നിതീഷ് തിവാരിയും സംഘവും. പ്രൈം ഫോക്കസിന്റെ സ്ഥാപകനും, ചലച്ചിത്ര നിർമ്മാതാവുമായ നമിത് മൽഹോത്ര പങ്കുവെക്കുന്നു: “ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണിത്. രാമായണത്തിലൂടെ, ഞങ്ങൾ ചരിത്രം പുനരാഖ്യാനിക്കുക മാത്രമല്ല; ലോകത്തിന് ഞങ്ങളുടെ പൈതൃകം പരിചയപ്പെടുത്തുകകൂടിയാണ്. മുമ്പ് രാമായണം ചിത്രീകരിച്ചിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഈ പതിപ്പിൽ ഒരോ കഥാപാത്രങ്ങളും, കഥാഗതിയും, മറ്റ് ഘടഗങ്ങളും അതിൻറെ തനത് ശൈലിയിൽ പുനരാവിഷ്കരിക്കുകയെന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”
ചിത്രത്തിന്റെ സംവിധായകൻ നിതീഷ് തിവാരി തൻറെ ഈ സിനിമയെപ്പറ്റി പങ്കുവെച്ചതിങ്ങനെയാണ്:
“രാമായണം നാമെല്ലാവരും കേട്ട്, പരിചയിച്ച് വളർന്നുവന്ന ഒരു കഥയാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. ആ ആത്മാവിനെ ബഹുമാനിക്കുക, അത് യഥാർത്ഥത്തിൽ അർഹിക്കുന്ന സിനിമാറ്റിക് സ്കെയിലിൽ തന്നെ അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.”
Read also: ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’; “തൂമഞ്ഞു പോലെന്റെ” വീഡിയോ ഗാനം പുറത്ത്.
നിതീഷ് തിവാരി സംവിധാനം ചെയ്ത്, നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സഹകരിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, ദൃശ്യമികവിനായി 8 തവണ ഓസ്കാർ പുരസ്കാരം നേടിയ വിഎഫ്എക്സ് സ്റ്റുഡിയോ ഡിഎൻഇജിയും ഒരു പ്രധാന ഭാഗമാകുന്നു. 835 കോടി രൂപ ബജറ്റിൽ നിർമ്മിക്കപ്പെടുന്ന ഈ ചിത്രം, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. ഐമാക്സിൽ ചിത്രീകരിക്കപ്പെടുന്ന രാമായണം സിനിമയുടെ ഒന്നും, രണ്ടും ഭാഗങ്ങൾ 2026, 2027 ദീപാവലി റിലീസുകളായി ലോകമെമ്പാടും റിലീസിനെത്തും.
Story highlights- ‘Ramayana’ movie promo launch