‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശത്തി’ന് ശേഷം ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്ന ചിത്രം ‘ബാലൻ’

വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു .മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകൾ ഒന്നിക്കുന്നത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കോവളത്ത് വെച്ച് നടന്നു. ‘ബാലൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ ‘ജനനായകൻ’, ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ‘ടോക്സിക്’ എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്.
ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. ‘മഞ്ഞുമ്മൽ ബോയ്സി’ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ്: വിവേക് ഹർഷൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Story highlights: Chidambaram and Jithu Madhavan team up for new Malayalam movie Balan