അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയ്‌ലർ പുറത്ത്; റിലീസ് 2025 സെപ്റ്റംബർ 5 ന്

August 9, 2025
Ghatti movie trailer out

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബർ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രം ആകർഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. വളരെ ശക്തവും തീവ്രവുമായ പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും ഇപ്പൊൾ വന്ന ട്രെയ്‌ലറും തരുന്നത്. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

Read also- സോഷ്യൽ മീഡിയയിൽ വൈറലായി ‘മേനേ പ്യാർ കിയ’ യുടെ ഇടിവെട്ട് ടീസർ

ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ, പോസ്റ്ററുകൾ എന്നിവയെല്ലാം കഥയിലെ വയലൻസ്, ആക്ഷൻ, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ: രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം: യുവി ക്രിയേഷൻസ്, ബാനർ: ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം: മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ: നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ: ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം: രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി

Story highlights: ‘Ghaati’ movie trailer out.