ആർത്തുല്ലസിച്ചു പ്രേക്ഷകർ; കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് ‘സു ഫ്രം സോ’

August 2, 2025
Movie Su From So Malayalam release

കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ- സൂപ്പർ നാച്ചുറൽ ഘടകങ്ങളും ഉണ്ട്. കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ‘സു ഫ്രം സോ’ എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരിക്കുന്നു.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ട ഓരോരുത്തരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 1 ലക്ഷത്തിനു മുകളിൽ എന്ന കണക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. കർണാടകയിൽ രാവിലെ മുതൽ ആണ് ചിത്രത്തിന്റെ ഷോകൾ നടക്കുന്നത്. ചിരിക്കൊപ്പം സൂപ്പർ നാച്ചുറൽ ഘടകങ്ങൾ അതിമനോഹരമായാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതെന്നും, ഡബ്ബ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാൻ സാധിക്കുമെന്നും ചിത്രത്തിന്റെ മലയാളം പതിപ്പ് കണ്ട പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

Read also- എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം ‘മദ്രാസി’യിലെ അനിരുദ്ധ് ഒരുക്കിയ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

സംവിധായകൻ ജെ.പി. തന്നെ നായകനായ ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നും ആദ്യാവസാനം ചിരിപ്പിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ വ്യക്തമാകുന്നു. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ്: നിതിൻ ഷെട്ടി, മേക്കപ്പ്: റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം: സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ: സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ: ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം: അർജുൻ രാജ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, കളറിസ്റ്റ്: രമേശ് സി.പി, കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Story highlights: Movie Su From So Malayalam release.