48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2025-ൽ തിളങ്ങി ദേശീയ അവാർഡ് ജേതാവായ സജിൻ ബാബുവിൻ്റെ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന്റെ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025-ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രം, ഇപ്പോൾ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം ഉണർത്തുന്ന കാര്യമാണ്. ചിത്രം ഒക്ടോബർ 16 ന് പ്രേക്ഷകരിലേക്ക് എത്തും.
ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024-ലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ, പ്രമോദ് വെളിയനാട് സ്പെഷ്യൽ ജ്യൂറി അവാർഡ് നേടി. അന്താരാഷ്ട്ര തലത്തിൽ കൈയ്യടി നേടിയ ‘തിയേറ്റർ’ന് കേരളത്തിലെ നിരൂപകരുടെ അംഗീകാരം ലഭിച്ചതോടെ ചിത്രത്തിന്റെ യാത്രയിൽ മറ്റൊരു നേട്ടവും കൂടിച്ചേർന്നിരിക്കുകയാണ്.
ഒട്ടേറെ പ്രശംസ നേടിയതും, ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ നേടുകയും ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രമാണ് ‘തിയേറ്റർ’. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തിയേറ്റർ’. അഞ്ജന ഫിലിപ്പിന്റെയും ഫിലിപ്പ് സക്കറിയയുടെയും നേതൃത്വത്തിൽ അഞ്ജന ടോക്കീസ് ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന് സന്തോഷ് കോട്ടായി സഹനിർമ്മാതാവാണ്.
Read also- വേഫെറർ ഫിലിംസിൻ്റെ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് ഉം, എഡിറ്റിങ്ങ് അപ്പു ഭട്ടത്തിരിയും ആണ് നിർവഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പി ആർ ഓ വർക്കുകൾ എ.എസ്. ദിനേശ് ആണ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) ആണ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലെ നേട്ടം ‘തിയേറ്റർ’ നെ വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ മലയാളചിത്രങ്ങളിലൊന്നാക്കി ഉയർത്തുന്നു.
Story highlights: ‘Theater: The Myth of Reality’ wins big at Kerala Film Critics Awards.