ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം ‘വരവ്’ ഷൂട്ടിംഗ് മൂന്നാറിൽ ആരംഭിച്ചു.

September 11, 2025
Joju George- Shaji kailas movie Varavu shooting started

ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ ചിത്രത്തിൻ്റെ ഷൂട്ടിംഗ് മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷനിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജോമി ജോസഫ്.

മൂന്നാറിൽ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രൊഡ്യൂസർ റെജി പ്രോത്താസിസ് നിർവഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസർ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോർജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും. വലിയ മുതൽമുടക്കിലും, വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക് ഷൻ രംഗങ്ങൾക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക് ഷൻ കോറിയോഗ്രാഫേഴ് സായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒന്നിക്കുന്നു. ഹൈറേഞ്ചിലുള്ള പോളി എന്ന പോളച്ചൻ്റെ ജീവിത പോരാട്ടത്തിൻ്റെ കഥയാണ് ‘വരവ്’ ജോജു ജോർജിന്റെ കഥാപാത്രമായ പോളിയുടെ ഗംഭീര ‘വരവ്’ തന്നെയായിരിക്കും ഷാജി കൈലാസ് ഒരുക്കുന്നത്.

മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷൻ ത്രില്ലറിനായി ഒരുമിക്കുമ്പോൾ പ്രേക്ഷകർക്കും നല്ലൊരു ചിത്രത്തിന്റെ ‘വരവ്’ പ്രതീക്ഷിക്കാം. മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ ഒരു തിരിച്ചുവരവ് ഈ ചിത്രത്തിലുടെ കാണാം. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ , കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം: എസ്. ശരവണൻ, എഡിറ്റർ ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, ചീഫ് അസസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്,
പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്.പി ആർ ഒ: മഞ്ജു ഗോപിനാഥ്‌, സ്റ്റിൽസ്: ഹരി തിരുമല.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Story highlights: Joju George- Shaji kailas movie Varavu shooting started