‘കാന്താര ചാപ്റ്റർ -1’ മലയാളം ട്രെയിലർ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യാൻ ഇരിക്കേ ട്രെയിലറുമായി ബന്ധപ്പെട്ട് ആകാംക്ഷ ഉയർത്തുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലർ റിലീസ് ചെയ്യുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. ഹിന്ദിയിൽ ചിത്രത്തിന്റെ ട്രെയിലർ വെള്ളാരം കണ്ണുള്ള രാജകുമാരൻ ഹൃതിക് റോഷനും, തെലുങ്കിൽ ബാഹുബലി പ്രഭാസും, തമിഴിൽ യൂത്ത് ഐക്കൺ ശിവകാർത്തികേയനും, കന്നഡ ഭാഷയിൽ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുന്നത് എന്ന വാർത്തയാണ് ഇപ്പോൾ സിനിമ പ്രേമികളിൽ ആവേശമായി മാറിയിരിക്കുന്നത്.
ഓരോ ദിവസവും പുതിയ അപ്ഡേറ്റുകൾ കൊണ്ട് ഞെട്ടിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇനി വരാൻ പോകുന്ന എല്ലാ അപ്ഡേറ്റുകളും ഹോംബാലയുടെ പേജിലും നമുക്ക് കാണാൻ സാധിക്കും. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക എന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന ‘കാന്താര’ ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് ‘കാന്താര’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.
Read also- പോളച്ചനാകൻ ജോജു എത്തി; ‘വരവ്’ ചിത്രീകരണം പുരോഗമിക്കുന്നു
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാന്താര ചാപ്റ്റർ 1’ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. ചരിത്രം ആവർത്തിക്കാൻ ഇനി ദിവസങ്ങൾ മാത്രം.പി ആർ ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ് ഫോർത്ത്.
Story highlights: Kantara Chapter one movie trailer updates