‘നരിവേട്ട’യിലൂടെ മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയും സ്വന്തമാക്കി ടോവിനോ തോമസ്

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണ സ്വന്തമാക്കി മലയാളി താരം ടോവിനോ തോമസ്. 2025 ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടോവിനോ നേടിയത് ‘നരിവേട്ട’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ്. നേരത്തെ 2023 ൽ ആണ് ഈ പുരസ്കാരം ടോവിനോ ആദ്യമായി നേടിയത്. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് അന്ന് അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കിയത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ ഈ വർഷം അവാർഡ് കരസ്ഥമാക്കിയത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ
‘നരിവേട്ട’ മികച്ച പ്രേക്ഷക – നിരൂപക പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് കാഴ്ചവെച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്.
Read also- ‘കാന്താര ചാപ്റ്റർ -1’ റിലീസ് ഒക്ടോബർ 2ന്; വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്
വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്ത ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെ ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറി. അടുത്തിടെ റിലീസ് ചെയ്ത ‘ലോക’ എന്ന ഹിറ്റ് ചിത്രത്തിലും ചെറുതെങ്കിലും നിർണ്ണായകമായ ഒരു വേഷം ചെയ്ത്, പ്രകടന മികവിലൂടെ വലിയ പ്രേക്ഷക പ്രശംസയാണ് ടോവിനോ തോമസ് നേടുന്നത്.
Story highlights: Tovino Thomas wins Best Asian Actor at the Septimius Award 2025