ടോണീ അലൂല ചിരിപ്പിക്കുമെന്ന് പറഞ്ഞില്ലല്ലോ, പൊട്ടിച്ചിരിപ്പിക്കുമെന്നല്ലേ പറഞ്ഞത്!

ചിരിക്കാൻ റെഡിയാണെങ്കിൽ കണ്ണുപൂട്ടി ടിക്കറ്റെടുത്തോ ‘പെറ്റ് ഡിറ്റക്ടീവ്’ തിയേറ്ററിൽ റെഡിയാണ്. ടോണീ അലൂലയും ടീമും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിയിൽ അമ്മാനമാടിക്കുന്നുണ്ട്. ഒരണുപോലും ചിന്തിക്കാൻ പ്രേക്ഷകർക്ക് സമയം കൊടുക്കാതെയാണ് ചിരിയും അതുപോലെ ആക്ഷനും ഉടനീളം ചിത്രത്തിലെത്തുന്നത്. നവാഗതനായ പ്രനീഷ് വിജയൻ രചിച്ച് സംവിധാനം ചെയ്ത ‘പെറ്റ് ഡിറ്റക്ടീവ്’ ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് ചിരിക്കാനും ത്രില്ലടിച്ചിരിക്കാനുമുള്ള പവർ പാക്ക് ഐറ്റമാണ് നൽകിയിരിക്കുന്നത്.തമാളയും സാഹസികതയും നിറഞ്ഞ സന്ദർഭങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ചിത്രത്തിന്റെ സഹരചയിതാവ് ജയ് വിഷ്ണുവാണ്.
ചെറിയൊരു ചിരിയിലൂടെ തുടങ്ങി പിന്നീടങ്ങോട്ട് മുഴുനീളെ പൊട്ടിച്ചിരിയാണ് പ്രൈവറ്റ് ഡിറ്റക്ടീവ് ടോണീ അലൂലയും പിള്ളേരും സമ്മാനിക്കുന്നത്. എന്നാൽ ചിരിയിൽ മാത്രമൊതുക്കാതെ, പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ടോണി ജോസ് അലൂലയ്ക്ക് മുന്നിലേക്ക് അവിചാരിതമായി ഒരു കേസെത്തുന്നു. അതിനുപിന്നാലെ ടോണി നടത്തുന്ന അന്വേഷണങ്ങളും അതിനിടെ അയാൾ നേരിടുന്ന അസാധാരണ സംഭവവികാസങ്ങളുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ പ്രനീഷ് വിജയനും സംഘവും അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും തമാശകളും സമാസമം നിറഞ്ഞ ചെയിൻ കോമഡി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ട് കുറച്ചുകാലമായി. അത്തരം ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന, അത്തരം ചിത്രങ്ങൾ വരുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന പ്രേക്ഷകർക്ക് അക്ഷരാർത്ഥത്തിൽ വിരുന്നാണ് ദി പെറ്റ് ഡിറ്റക്ടീവ്.
സിനിമ തുടങ്ങി ആദ്യ പത്ത്മിനിട്ടിനുള്ളിൽ തന്നെ ആദ്യത്തെ ചിരി സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. പിന്നീട് ചിരിയുടെ അളവ് ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ത്രില്ലും സസ്പെൻസും ട്വിസ്റ്റുകളും സർപ്രൈസുകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ ‘പെറ്റ് ഡിറ്റക്ടീവ്’ ടീം വിജയിച്ചിട്ടുണ്ട്. ഡിറ്റക്ടീവ് ചിത്രം എന്നുകേൾക്കുമ്പോൾ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് വരുന്ന ചില സംഗതികളുണ്ട്. കാലത്തിനനുസൃതമായ രീതിയിൽ അവയെല്ലാം കൃത്യമായി ഒരുക്കിയിട്ടുണ്ട് അണിയറ പ്രവർത്തകർ.
Read also- ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി ‘ഖലീഫ’ ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്
മലയാളത്തിൽ ആക്ഷൻ-കോമഡി ചിത്രങ്ങൾ ചെയ്യാൻ ഇനി സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ആദ്യ ഓപ്ഷനായി ഷറഫുദ്ദീനെ ആലോചിക്കാവുന്നതാണ്. അനുപമ പരമേശ്വരന്റെ നായിക കഥാപാത്രവും വ്യത്യസ്തമായിരുന്നു. വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണെന്ന് നിസ്സംശയം പറയാം. മാസ് മാത്രമല്ല, കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്നുണ്ട് രൺജി പണിക്കരുടെ അലൂല എന്ന കഥാപാത്രം. വിനയ്ഫോർട്ട്, ജോമോൻ ജ്യോതിർ, വിനായകൻ, നിഷാന്ത് സാഗർ, ഷോബി തിലകൻ എന്നിവരും പൊട്ടിച്ചിരിപ്പിക്കുന്നതിൽ ഒട്ടും മോശമാക്കിയില്ല. ഭഗത് മാനുവൽ, സഞ്ജു, നിലീൻ സാന്ദ്ര എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. പൊട്ടിച്ചിരിച്ച് ഫാമിലിയായും ഫ്രണ്ട്സായും ഒരു സിനിമ കാണാൻ ഉദ്ദേശിക്കുന്നെങ്കിൽ നേരെ വിട്ടോളൂ ടോണീ അലൂലയുടെ ‘പെറ്റ് ഡിറ്റക്ടീവ്’ കാണാൻ
Story Highlights: A thrilling malayalam detective comedy that delivers non- stop laughter and suspence. Sharaf u dheen’s ‘The pet Detective’.