ഗുരുദത്ത ഗനിഗ – രാജ് ബി ഷെട്ടി ചിത്രം ‘ജുഗാരി ക്രോസ്’ ടീസർ പുറത്ത്

October 17, 2025
'JUGARI CROSS' teaser out

ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസിൽ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാമാക്കി അതേ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിൽ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികൾ. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഗുരുദത്ത ഗനിഗയാണ് ചിത്രം നിർമ്മിക്കുന്നത്.

രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ ‘കരാവലി’ യുടെ റിലീസിന് മുൻപ് തന്നെ ഈ കൂട്ടുകെട്ടിൽ അടുത്ത ചിത്രമായ ‘ജുഗാരി ക്രോസ്’ ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ടീസർ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും ആവേശവും ഇരട്ടിയാക്കുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന രാജ് ബി ഷെട്ടി, ‘സു ഫ്രം സോ’യിലെ ഗുരുജിയായി പ്രേക്ഷകരെ ആകർഷിക്കുകയും കരാവലിയിലെ കാളകൾക്കൊപ്പമുള്ള അഭിനയത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ‘ജുഗാരി ക്രോസി’ന്റെ ശക്തമായ ലോകത്തേക്ക് ചുവടുവെക്കുന്ന അദ്ദേഹം കരിയറിലെ ഒരു സുപ്രധാന നീക്കമാണ് ഇതിലൂടെ നടത്തുന്നത്. ഒരേ സംവിധായകനൊപ്പം തുടർച്ചയായി ചിത്രങ്ങൾ ചെയ്യുന്നത് രാജ് ബി ഷെട്ടിക്ക് ഈ സംവിധായകനിലും അദ്ദേഹത്തിന്റെ സംഘത്തിലുമുള്ള വിശ്വാസവും കാണിച്ചു തരുന്നു.

Read also- നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം ‘പാതിരാത്രി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

കരാവലിയുടെ ചിത്രീകരണം ഇതിനോടകം പൂർത്തിയായതിനാൽ അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും ‘ജുഗാരി ക്രോസി’നൊപ്പം മുന്നോട്ടു കൊണ്ട് പോവുകയാണ് സംവിധായകൻ ഗുരുദത്ത. കരാവലിയിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ അഭിമന്യു സദാനന്ദൻ ആണ് ‘ജുഗാരി ക്രോസി’ന്റെ ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സച്ചിൻ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും. പിആർഒ- ശബരി

Story highlights: ‘JUGARI CROSS’ teaser out