സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ‘അസുര ആഗമന’ എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.
ചിത്രത്തിൻ്റെ വമ്പൻ കാൻവാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്നതിനൊപ്പം സായ് ദുർഗ തേജിനെ ഉഗ്ര രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗ്ലിമ്പ്സ് വീഡിയോ. സായ് ദുർഗ്ഗ തേജിന്റെ ശാരീരികവും വൈകാരികവുമായ പരിവർത്തനമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കഠിനമായ പേശീബലവും കണ്ണുകളിൽ കത്തുന്ന തീവ്രതയും ഉള്ള ഒരു യോദ്ധാവിനെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും സായ് ദുർഗ തേജ് ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ഗംഭീര സംഭാഷണങ്ങളും ഊർജ്ജസ്വലമായ ഭാവങ്ങളും ഈ വീഡിയോക്ക് ആധികാരികത പകർന്ന് നൽകുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രകടനത്തെയും സൂചിപ്പിക്കുന്നു.
ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് നൽകുന്നത്. വൈകാരികമായി ഏറെ ആഴമുള്ളതും ദൃശ്യപരമായി ഗംഭീരവുമായ ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നും ഈ ഗ്ലിമ്പ്സ് കാണിച്ചു തരുന്നു. തെലുങ്ക് സിനിമയുടെ പുരാണ-ആക്ഷൻ വിഭാഗത്തിന് ഈ ചിത്രം ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കും എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ വമ്പിച്ച പാൻ-ഇന്ത്യ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ഇത് ഈ വർഷത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാറ്റിക് ഇവന്റുകളിൽ ഒന്നായിരിക്കുമെനുള്ള പ്രതീക്ഷയും അതോടൊപ്പം സമ്മാനിക്കുന്നു.
ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.
Story highlights: Sambarala Yeti Gattu SYG Asura Aagamana Glimpse out