ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് നവംബർ 14 ന്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകുന്നത്. ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത് എന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്.
ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി അഭിനയിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ഇവക്കൊപ്പം മഹാദേവൻ, കുമാരി എന്നീ കഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന പ്രണയത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലർ ആയിരിക്കും ‘കാന്ത’ എന്നാണ് ഇതിന്റെ ടീസർ, ട്രെയ്‌ലർ എന്നിവ സൂചിപ്പിക്കുന്നത്.
Read also- രജനികാന്ത് ചിത്രവുമായി കമൽ ഹാസൻ; ‘തലൈവർ 173’ പ്രഖ്യാപിച്ചു
ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് ‘കാന്ത’യുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ: ശ്രാവൺ പലപർത്തി, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ: ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ: തമിഴ് പ്രഭ, വിഎഫ്എക്സ്: ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ്: ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ: ശബരി.
Story highlights: DQ’s Kaantha Releasing on November 14






