ആടാം പാടാം രാജാസാബിനൊപ്പം! ത്രസിപ്പിക്കുന്ന ചുവടുകളും ഈണവുമായി ‘റിബൽ സാബ്’ ഗാനം 23-ന്

November 21, 2025
Rebel Saab

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബൽ സാബ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

തമൻ എസ് ഒരുക്കിയിരിക്കുന്ന റിബൽ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചന. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Story Highlight : The song Rebel Saab from The Raja Saab announces its release date