സിനിമയുടെ ഉള്ളറകളിലേക്ക് സ്വാഗതം ചെയ്ത് ‘ലെഗസി ഓഫ് ദി രാജാസാബ്’ സീരീസിന് തുടക്കം

December 13, 2025
Rajasaab with Prabhas horror action comedy one man show

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകൻ മാരുതി ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇൻട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്. റിബൽ സ്റ്റാർ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോയിൽ നിന്നും പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നതിൻ്റെ സൂചനയുണ്ട്. ചിത്രത്തിൻ്റെ കഥാപരിസരം, കഥാപാത്രങ്ങൾ, അതുപോലെ ചിത്രത്തിൻ്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ‘രാജാസാബ്’ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരും ഏറ്റെടുത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Read also- പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കൊണ്ട് ‘പൊങ്കാല’ 2-ാം വാരത്തിലേക്ക്.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി രാജാസാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Story highlights: ‘The Raja Saab’ Get ready for an epic tale