മനുഷ്യനെന്നും ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളു – മരണം; ‘അനോമി’ ഒഫീഷ്യൽ ടീസർ പുറത്ത്!

January 15, 2026
Anomie official teaser out

മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിന്റെ സ്റ്റൈലിഷ് ഫിലിം മേക്കർ അമൽ നീരദാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ടീസർ പുറത്തുവിട്ടത്. ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്നാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഭാവനയാകട്ടെ സാറ എന്ന ഫോറൻസിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ്.

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘അനിമൽ’, ‘അർജുൻ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് ‘അനോമി’ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Story Highlight : Anomie official teaser out