ബോക്സ് ഓഫീസിൽ പ്രഭാസ് യുഗം; ‘ദി രാജാ സാബ്’ 4 ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ!
റിബൽ സ്റ്റാർ പ്രഭാസിന്‍റെ ബോക്സ് ഓഫീസ് കരുത്ത് ഒരിക്കൽ കൂടി ലോകം സാക്ഷ്യം വഹിക്കുന്നു. മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’ റിലീസ് ചെയ്ത് വെറും 4 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 201 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു ഉത്സവ സീസണ് തൊട്ടുമുമ്പ് റിലീസ് ചെയ്തിട്ടും എല്ലാ സെന്‍ററുകളിലും ഹൗസ്ഫുൾ ഷോകളുമായി ചിത്രം കുതിപ്പ് തുടരുകയാണ്.
ആക്ഷൻ ചിത്രങ്ങളിൽ നിന്ന് മാറി പ്രഭാസ് തന്‍റെ സ്വതസിദ്ധമായ കോമഡി ടൈമിംഗുമായി എത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടികൾക്ക് ചിത്രം വലിയ രീതിയിൽ ആവേശം പകരുന്നു. തുടർച്ചയായ ഹൗസ്ഫുൾ ഷോകളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഉത്സവ അവധികൾ ആരംഭിക്കുന്നതോടെ കളക്ഷൻ ഇനിയും കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ആരാധകരുടെ അഭ്യർത്ഥന മാനിച്ചു ചിത്രത്തിൽ വരുത്തിയ മാറ്റങ്ങൾ വലിയ ഗുണകരമായി മാറിയിട്ടുണ്ട്. പ്രഭാസിന്‍റെ പഴയ സ്റ്റൈലിഷ് ലുക്ക് ഉൾപ്പെടുത്തിയുള്ള പരിഷ്കരിച്ച പതിപ്പിന് തിയേറ്ററുകളിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഈ വൺ മാൻ ഷോ കാണാൻ സിനിമാ പ്രേമികൾ ഒഴുകിയെത്തുകയാണ്.
സംവിധായകൻ മാരുതിയുടെ ടേക്കിംഗും ചിത്രത്തിലെ വിഷ്വലുകളും ക്ലൈമാക്സ് രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി. വിശ്വപ്രസാദ് നിർമ്മാണത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയ ബ്രഹ്മാണ്ഡമായ ലുക്കും നിർമ്മാണ മൂല്യവും സ്ക്രീനിൽ ഓരോ നിമിഷവും പ്രകടമാണ്.
Story Highlight : The Raja Saab enters the 200 crore club within 4 days



