‘മഹാനടി’യിലെ വെട്ടിമാറ്റിയ സീനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദുൽഖർ; ഒഴിവാക്കിയത് മികച്ച രംഗങ്ങളെന്ന് ആരാധകർ,വീഡിയോ കാണാം

ദുൽഖർ സൽമാൻ നായകനായെത്തുന്ന നാഗ് അശ്വിൻ ചിത്രം ‘മഹാനടി’യിലെ വെട്ടി മാറ്റിയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെന്നിന്ത്യൻ താരറാണിയായ സാവിത്രിയുടെ കഥ പറയുന്ന ചിത്രമാണ് മഹാനടി. സിനിമയിൽ സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേശായി ദുൽഖർ സൽമാനുമാണ് വേഷമിടുന്നത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ആദ്യ തെലുങ്ക് ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സമയദൈർഘ്യം മൂലം ചിത്രത്തിലെ പല രംഗങ്ങളും വെട്ടിമാറ്റിയിരുന്നു. അതിലൊരു രംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുൽഖർ തന്നെയാണ് രംഗം പുറത്തുവിട്ടിരിക്കുന്നതും. ദുൽഖറും കീർത്തിയും മികച്ച പ്രകടനം കാഴ്ചവച്ച രംഗമാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഈ രംഗം വെട്ടിമാറ്റിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശം ഉയർന്നിരുന്നു. ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.