ആരാധകർ കാത്തിരുന്ന ‘വിശ്വരൂപം-2’ ഇന്ന് തിയേറ്ററുകളിലേക്ക്; ആകാംഷയോടെ കാണികൾ

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം  കമലഹാസൻ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം വിശ്വരൂപം 2 ഇന്ന് തിയേറ്ററുകളിലേക്ക്. 2013 ൽ റിലീസ് ചെയ്ത വിശ്വരൂപം  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് നായകൻ തിരിച്ചെത്തുന്നത്. തിരക്കഥയും സംവിധാനവും നിർമ്മാണവും കമലഹാസൻ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയ്‌ലറിനും ടീസറിനുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബ്ലാക്ക് ഹോട്ട് പെർസ്യൂട്ടണിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന കമലാഹാസൻ  ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ച ചെയ്തിരുന്നു.

മൂന്ന് വിത്യസ്ത ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ തമിഴ്  ട്രെയ്‌ലർ റിലീസ് ചെയ്യുന്നത് കമലഹാസന്റെ മകൾ ശ്രുതി ഹാസനും തെലുങ്ക് ഡബ്ഡ് വേർഷൻ എൻ ടി ആറും ഹിന്ദി രോഹിത് ഷെട്ടിയുമാണ് നിർവഹിക്കുന്നത്. ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയിൽ പ്രസൂൻ  ജോഷി,  സന്ദീപ് ശ്രീവാസ്തവ എന്നിവരുടെ വരികൾക്ക് മുഹമ്മദ് ഗിബ്രാനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് വിശ്വരൂപം 2 ന്റെ  ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്. ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

ഉലക നായകൻ  കമലഹാസൻ ചിത്രം വിശ്വരൂപം 2-ന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയിരുന്നു. ആക്ഷൻ രംഗങ്ങളുമായുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ആക്ഷൻ സീനുകൾ നിറഞ്ഞ ചിത്രത്തിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ നിരവധി സീനുകൾ കമലഹാസൻ ചെയ്യുന്നുണ്ട്.