കാൽപന്തുകളിയിലെ വിശ്വ മാമാങ്കത്തിന് റഷ്യയിൽ ഇന്ന് കിക്ക് ഓഫ്..

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ  മാമാങ്കത്തിന് തിരിതെളിയാൻ  മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ  ഉറ്റുനോക്കുന്നത് ഇനി റഷ്യൻ മണ്ണിലേക്ക്…

21-ാം ലോകകപ്പ് ഫുട്ബോളിന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നുരാത്രി  8.30 നാണ് കിക്ക് ഓഫ്. കിക്ക് ഓഫിന് വെറും അരമണിക്കൂർ മുമ്പ് മാത്രമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ അതിഗംഭീര പ്രകടനങ്ങളുമായി ലോകപ്രശസ്ത ഗായകൻ റോബി വില്യംസ്, റഷ്യൻ സോപ്രാനോ ഐഡ ഗരിഫുലീന എന്നിവർ എത്തും. ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും ഉദ്‌ഘാടന വേദിയിൽ സാന്നിധ്യം ഉറപ്പിക്കും.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും.  റഷ്യയിലെ 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. 32 ദിവസങ്ങളിലായി 64 കളികള്‍, 32  രാജ്യങ്ങള്‍ക്കുവേണ്ടി ബൂട്ടണിയാന്‍ തയ്യാറായി നില്‍ക്കുന്നത് 736 കളിക്കാര്‍. ആകാംക്ഷയും ആവേശവും നിറഞ്ഞ ഇനിയുള്ള  ദിവസങ്ങളിൽ കളിയെന്താവുമെന്ന് കാത്തിരുന്ന കാണാം.