ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അമല പോൾ…

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അമല പോൾ പിന്നീട് തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിധ്യം ഉറപ്പിച്ചിരുന്നു.  എന്നാൽ  ബോളിവുഡ് താരം അർജുൻ രാംഗോപാലിനൊപ്പം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരമിപ്പോൾ. നരേഷ് മൽഹോത്രയാണ് അമലയുടെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയുന്നത്. റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് ഹിമാലയത്തിൽവെച്ചാണ്.

നല്ല ചിത്രത്തിനായി താൻ ഇതുവരെ കാത്തിരിക്കുകയായിരുന്നെന്നും, ഇതിന് മുമ്പ് ബോളിവുഡിൽ നിന്ന് നിരവധി ഓഫറുകൾ വന്നെങ്കിലും തനിക്ക് അനുയോജ്യമായ ഒരു ക്യാരക്ടർ ലഭിച്ചത് ഇപ്പോഴാണെന്നും താരം പറഞ്ഞു. സംവിധായകൻ നരേഷ് ഒരു ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് താത്പര്യം തോന്നി. തന്റെ തമിഴ് സിനിമകളിലെ അഭിനയം കണ്ടാണ് നരേഷ് തന്നെ സമീപിച്ചത്. അതുകൊണ്ട് തന്നെ ഒഡീഷൻ ഇല്ലാതെ ഈ സിനിമയിലേക്ക് തന്നെ ക്ഷണിച്ചത്. ഇത്രയും പക്വതയും ആത്മവിശ്വാസവും ലഭിച്ച ശേഷം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ താൻ സന്തോഷവതിയാണെന്നും  അമല വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് അറിയിച്ചത്.

മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഫഹദിനൊപ്പം അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയ കഥയാണ് അമലയുടെ മലയാളത്തിലെ ശ്രദ്ധേയമായ ചിത്രം.