സ്റ്റൈൽ മന്നൻ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് ഫാസിൽ…ആകാംക്ഷയോടെ ആരാധകർ

തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരങ്ങളാണ് സ്റ്റൈൽ മന്നൻ രജനികാന്തും മക്കൾ സെൽവൻ വിജയ് സേതുപതിയും. ഇരുവർക്കുമൊപ്പം കാർത്തിക് സുബ്ബരാജിന്റെ ചിത്രത്തിൽ വേഷമിടാനെത്തുകയാണ് മലയാള സിനിമയുടെ അഭിമാന താരം ഫഹദ് ഫാസിൽ. മലയാളത്തിലെയും തമിഴകത്തിലെയും മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം ഡെറാഡൂണില്‍ വെച്ചാണ് നടന്നത്.

ചിത്രത്തിൽ സിമ്രാന്‍, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്ഡി, ദീപക് പരമേഷ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയും രജനികാന്തും ഒന്നിക്കുന്നത് ആരാധകരില്‍ വലിയ ആവേശമാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലുമുണ്ടെന്നുള്ള  റിപ്പോര്‍ട്ടുകള്‍ മലയാളികളെയും തമിഴ് ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

മോഹന്‍ രാജ സംവിധാനം ചെയ്ത ‘വേലക്കാരന്‍’ എന്ന ചിത്രത്തിലൂടെയാണ്  ഫഹദ്  കോളിവുഡിൽ  അരങ്ങേറ്റംകുറിച്ചത്. ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തിയത്.ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്‌സ് ‘ എന്ന തമിഴ് ചിത്രത്തിലും ഫഹദ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലും നിരവധി ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.