ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

July 11, 2018

ലോകത്തെ ഭീതിയിലാഴ്ത്തി കഴിഞ്ഞുപോയ 17 ദിവസങ്ങൾക്ക് ശേഷം തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും  പരിശീലകരെയും  ഇന്നലെ  സുരക്ഷാ സേന പുറത്തെത്തിച്ചിരുന്നു. 13 പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്‌ടർമാർ അറിയിച്ചു. അതേസമയം ഇപ്പോൾ  സിനിമയാക്കാനുള്ള പരിശ്രമത്തിലാണ് ചില ഹോളിവുഡ് സിനിമാപ്രവർത്തകർ.

ഗുഹയിലകപ്പെട്ടവരെ 17 ദിവസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് സുരക്ഷാ സേന ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ജീവൻ പണയം വെച്ചുള്ള സേനയുടെ പരിശ്രമത്തെയും കുട്ടികളുടെയും പരിശീലകന്റെയും ആത്മധൈര്യത്തെയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്ത് വന്നതിന് പിന്നാലെയാണ് ഈ സംഭവം ബിഗ് സ്‌ക്രീനിലെത്തിക്കാൻ ശ്രമം നടക്കുന്നത്.  നാല് ദിവസം നീണ്ട നിന്ന് രക്ഷാപ്രവർത്തനം ശ്വാസം അടക്കിപിടിച്ചാണ് ലോകമെമ്പാടുമുള്ള ആളുകൾ കണ്ടുനിന്നത്.

ഗുഹയ്ക്കരികിലും പരിസരത്തുമായി ഇപ്പോൾ ചില  സിനിമ പ്രവർത്തകരും നിർമ്മാതാക്കളും ഉണ്ട് . അതിസാഹസീകയായ രക്ഷാപ്രവർത്തനങ്ങളുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്‌തിരുന്നു. ഇത് ഈ സംഭവം സിനിമയാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സൂചനയുണ്ട്. ലോകത്തെ ഞെട്ടിച്ച ഈ സംഭവം അധികം താമസിയാതെ വെള്ളിത്തിരയിൽ എത്തുമെന്നാണ് അറിയുന്നത്.

പ്യുവർ ഫ്ലിക്സ് ഫിലിംസ് മാനേജിങ് പാർട്ണർ മിഖായേൽ സ്കോട്ടും സഹ നിർമ്മാതാവ് ആദം സ്മിത്ത് തുടങ്ങിയവരാണ് ഈ സംഭവം സിനിമയാക്കാൻ രംഗത്തെത്തിയിരിക്കുന്നത്.