കങ്കണ അവിസ്മരണീയമാക്കിയ റോൾ ഏറ്റെടുത്ത് മഞ്ജിമ; മലയാളത്തിലെ ‘ക്വീൻ’ ആയി മഞ്ജിമ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

2014 ൽ വികാസ് ബാൽ സംവിധാനം ചെയ്ത കങ്കണ റാണാവൂത്ത് ചിത്രം ക്വീൻ മലയാളത്തിലേക്ക്. കങ്കണ മനോഹരമാക്കിയ ക്വീൻ എന്ന കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നത് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് നായികയായി മാറി മലയാളികളുടെ ഹൃദയം കവർന്നെടുത്ത മഞ്ജിമയാണ്. ചിത്രത്തിൽ മഞ്ജിമയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി വെയ്നായിരിക്കും. ‘സംസം’ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രം തെലുങ്കു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ്  തയാറാക്കുന്നത്.

കങ്കണ റണാവത്ത്‌ അവിസ്മരണീയമാക്കിയ ഹിന്ദി ചിത്രം ക്വീന്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി ഉടൻ റിലീസ് ചെയ്യും. ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രത്തിന്റെ തെലുങ്കു ഭാഷയിൽ നായികയായി എത്തുന്നത് തമന്നയാണ്. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ ‘പാരിസ് പാരിസില്‍’ കാജല്‍ അഗര്‍വാള്‍ ആണ് നായിക.  കന്നടയില്‍ പരുള്‍ യയാദവുമാണ് നായികയായി എത്തുന്നത്. രമേഷ് അരവിന്ദ് ക്വീനിന്റെ തമിഴും കന്നടയും റീമേക്കുകൾ സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം ഒരുക്കുന്നത്. ചിത്രങ്ങള്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഈ ചിത്രങ്ങളും വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്ക് നേടിക്കൊടുത്ത ക്വീന്‍ റാണി മെഹ്റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പ്രതിശ്രുത വരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും തുടർന്ന് വ്യത്യസ്തമായ ജീവിത രീതിയിലൂടെ റാണിയ്ക്ക് ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സംസമിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം.