‘കായംകുളം കൊച്ചുണ്ണി’യിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആനന്ദ്..

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് നടി പ്രിയ ആനന്ദ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണ്. നിവിൻ പോളിയും മോഹൻലാലും ചിത്രത്തിൽ അത്ഭുതകരവും സ്വാഭാവികവുമായ പ്രകടമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഓരോ കഥാപാത്രവും ഓരോ രംഗത്തിലും എങ്ങനെ അഭിനയിച്ചാൽ നന്നായിരിക്കുമെന്ന് സംവിധായകൻ റോഷൻ ആൻഡ്‌റൂസ് സാറിന് കൃത്യമായി അറിയാം. അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിനാൽ കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും താരം വ്യക്തമാക്കി. പൃഥിരാജിന്റെ നായികയായി എസ്രാ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് പ്രിയ.

മോഹന്‍ലാലും നിവിൻ പോളിയും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.