‘മൈ സ്റ്റോറി’ വീണ്ടും തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ വിശേഷങ്ങളുമായി റോഷ്‌നി ദിനകർ

July 6, 2018

പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത  ‘മൈ സ്റ്റോറി’വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു. സംവിധായികയും, നിര്‍മാതാവുമായ റോഷ്നി ദിനകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്ന ചിത്രം വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് സംവിധായിക വ്യക്തമാക്കി.  ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും ഒ വി ദിനകറും ചേർന്നാണ് നിർമിച്ച ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്.

ചിത്രത്തിന് ആശംസകളുമായി നേരത്തെ ബോളിവുഡ് താരം രൺബീർ, സംവിധായകൻ രഞ്ജിത്, ബാലതാരം മീനാക്ഷി തുടങ്ങി നിരവധി താരങ്ങൾ  രംഗത്തെത്തിയിരുന്നു. പോര്‍ച്ചുഗല്‍, സ്പെയിന്‍, ജോര്‍ജ്ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. പാര്‍വതി ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ സിനിമ കൂടിയാണിത്. സിനിമ കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് വീണ്ടും റിലീസ് ചെയ്യുന്നതെന്നും റോഷ്നി ദിനകര്‍ പറഞ്ഞു. ആഗസ്റ്റ് 9 നാണ് വീണ്ടും തീയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് കോസ്റ്റ്യൂം ഡിസൈനറായിരുന്ന റോഷ്നി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈസ്റ്റോറി. മൈ സ്റ്റോറിയുടെ സെക്കന്‍ഡ് റിലീസില്‍ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കുടുംബശ്രീ അംഗങ്ങളും സഹകരിക്കുമെന്ന് റോഷ്നി പറഞ്ഞു. അതോടൊപ്പം നിരവധി സിനിമാക്കാരും ഒപ്പമുണ്ടെന്ന് താരം വ്യക്തമാക്കി.

പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.“മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി” എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെയും പർവ്വതിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി ഗാനം ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.