ദുൽഖറിനൊപ്പം യാത്ര ചെയ്ത് ഇർഫാൻ ഖാനും മിഥിലാ പാൽക്കറും,’കർവാനി’ലെ ‘സാന്‍സെയ്ന്‍’ വീഡിയോ ഗാനം കാണാം…

മലയാളത്തിലും തമിഴിലും ഇതര ഭാഷാ സിനിമാ പ്രേമികൾക്കിടയിലും നിരവധി ആരാധകരുള്ള ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാനിലെ സാന്‍സെയ്ന്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് കർവാൻ.  ബാംഗ്ലൂര്‍, കേരളം, ഊട്ടി എന്നിവിടങ്ങളിലൂടെയുള്ള യാത്രയാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രതീക് കുഹദ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം  ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്.

പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിലെ ആദ്യ ഗാനം ഛോട്ടാ സാ ഫസാന ഇരുകൈകളും നീട്ടി ആരാധകർ നേരത്തെ  ഏറ്റെടുത്തിരുന്നു. ആകർഷ് ഖുറാനയുടെ വരികൾക്ക് അനുരാഗ് സൈക്കിയാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. റോണി സ്‌ക്രൂവാല നിർമിക്കുന്ന ചിത്രത്തിന് ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ്  തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്ന ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ മിഥിലാ പാൽക്കർ, കൃതി ഖർബന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ബാംഗ്ലൂര്‍ സ്വദേശിയായ യുവാവിൻറെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. അഭിഷേക് ബച്ചനെയാണ് ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് പല സാഹചര്യങ്ങളാൽ അത് ദുൽഖറിലേക്ക് എത്തപ്പെടുകയായിരുന്നു.

പെർമെനന്റ്, റൂംമേറ്റ്സ് തുടങ്ങിയ വെബ് സീരിയസിൽ മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണ് കർവാൻ. അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ 6 വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനമുറപ്പിച്ച ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആഗസ്റ്റ് 3 ന് ചിത്രം തിയേറ്ററുകളിലെത്തും.