പിറന്നാൾ സമ്മാനം ദുരിതബാധിതർക്ക് നൽകി എട്ടാം ക്ലാസുകാരി..

August 31, 2018

കേരളം നേരിട്ട മഹാദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളക്കര. കേരളത്തിന് സഹായ ഹസ്തവുമായി നിരവധി ആളുകൾ ദിവസേന എത്തുന്ന വാർത്തകൾ കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം കേരളത്തിന് നൽകിയ പ്രവാസിയായ എട്ടാം ക്ലാസുകാരിയാണ് വാർത്തകളിൽ താരമായിരുക്കുന്നത്. മലയാളികളിലെ നന്മയും സഹജീവി സ്നേഹവും പുതു തലമുറയിലേക്കും പകർന്നു നൽകിയതിൽ കേരളത്തിന് അഭിമാനിക്കാവുന്ന ചില നിമിഷങ്ങൾ..

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിവേകും കുടുംബവും വർഷങ്ങളായി ദുബായിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. കേരളം നേരിട്ട പ്രളയദുരന്തങ്ങൾ വാർത്തകളിലൂടെയാണ് പ്രണിത അറിഞ്ഞത്. തന്റെ പിറന്നാൾ ദിനത്തിൽ അച്ഛൻ വിവേക് സ്വർണ്ണ കേക്കാണ് പ്രണിതയ്ക്ക് സമ്മാനമായി നൽകിയത്. എന്നാൽ ഈ കേക്ക് ഇപ്പോൾ തനിക്ക് ആവശ്യമില്ലെന്നും കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഈ പെൺകുട്ടി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അരക്കിലോയോളം ഭാരം വരുന്ന ഈ കേക്കിന് ഏകദേശം 19  ലക്ഷം രൂപയാണ് വിലവരുന്നത്.

കേരളത്തെ മുഴുവൻ പിടിച്ചുലച്ച വെള്ളപ്പൊക്കവും മഴയും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം കരകയറികൊണ്ടിരിക്കുക്കുകയാണ് കേരള ജനത. നിരവധി ആളുകൾ സഹായ ഹസ്തവുമായി കേരളത്തിനൊപ്പം നിന്നപ്പോൾ കേരളത്തിലെ ആളുകൾ തന്നെയാണ് കയ്യും മെയ്യും മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി നിന്നത്. ഇതിൽ ഏറ്റവും കൂടുതൽ സഹായവുമായി എത്തിയവരാണ് പ്രവാസി മലയാളികൾ. ലോകത്തിന് മുഴുവൻ മാതൃകയായി കുട്ടികളും മുതിർന്നവരും അടക്കം നിരവധി ആളുകളാണ് കേരളത്തിന് സഹായ ഹസ്തവുമായി എത്തുന്നത്.