പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും

കേരളക്കരയെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ നിന്നും കര കയറാന്‍ സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിലെ മുഴുവന്‍ മാച്ച് ഫീസും കേരളത്തിന് നല്‍കാനാണ് ടീം അംഗങ്ങളുടെ തീരുമാനം. ടീമിന് കുറഞ്ഞത് രണ്ട് കോടി രൂപയാണ് മാച്ച് ഫീസായി ലഭിക്കുക.

കണക്കുകള്‍ പ്രകാരം ടെസ്റ്റ് മത്സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് ഏഴരലക്ഷം രൂപയുമാണ് ഈ ഇനത്തില്‍ ടീമിന് ലഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ട്രെന്‍ബ്രിജ് ടെസ്റ്റ് മത്സരത്തിന്റെ വിജയം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. കൂടാതെ ക്രിക്കറ്റ് ടീമെന്ന നിലയ്ക്ക് തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗാലറിയിലിരുന്നവര്‍ ആര്‍ത്തിരമ്പുന്ന കയ്യടിയോടെയാണ് ക്യാപ്റ്റന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേരളത്തോടുള്ള സ്‌നേഹവും പ്രളയബാധിതരോടുള്ള സമര്‍പ്പണവും വിരാട് കോഹ്‌ലിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

203 റണ്‍സിനായിരുന്നു ട്രെന്‍ബ്രിജില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയായിരുന്നു പ്ലേയര്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും ക്യാപ്റ്റന്‍ നേടി.

ഗ്രൗണ്ടിന് പുറത്ത് ട്വിറ്ററിലും കോഹ്‌ലി കേരളത്തോടൊപ്പം നിന്ന് പ്രതികരിച്ചിരുന്നു. കേരളത്തെ സഹായിക്കാനെത്തിയ സൈന്യത്തിനും ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ നന്ദി കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹായമനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.