‘പദ്മാവതി’ന് ശേഷം ചരിത്രകഥ പറയാൻ കരൺ ജോഹർ എത്തുന്നു; ‘തഹത്’ വിശേഷങ്ങൾ അറിയാം

സിനിമാ  ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘പദ്മാവതി’ന് ശേഷം ചരിത്രകഥ പറയുന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കരൺ ജോഹർ. ‘തഹത്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് രൺവീർ സിങ് അലട്ടിയ ഭട്ട് എന്നിവരായിരിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺവീറിനും ആലിയയ്ക്കും പുറമെ കരീന, അനില്‍ കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരും   പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു  ചരിത്രകഥയാണ്. ‘യേ ദില്‍ ഹേ മുശ്കിലിന്’ ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഹ്ത്. മുഗള്‍ ഭരണകാലത്തെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മുഗള്‍ രാജകിരീടത്തിന് വേണ്ടിയുള്ള ഒരു ചരിത്രയുദ്ധമാണ് തഹ്തിന്റെ ഇതിവൃത്തം. കുടുംബ ബന്ധത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഈ കഥയിൽ തന്റെ പ്രണയം സാഹല്യമാകുന്നതിന് വേണ്ടി നായകൻ നടത്തുന്ന കഷ്ടപ്പാടിന്റെ കഥയാണെന്നും സംവിധായകൻ കരൺ ജോഹർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

2020 ല്‍ ചിത്രം തീയേറ്ററുകളിലെത്തും. സുമിത് റോയി  തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം 2020 ലായിരിക്കും തിയേറ്ററുകളിലെത്തുക. ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്  ഹുസൈന്‍ ഹൈദരിയാണ്. അതേസമയം സ്റ്റുഡന്റ് ഓഫ് ദ ഇയര്‍-2 , സിമ്പ, കേസരി, കലങ്ക്, ബ്രഹ്മാസ്ത്ര, രണ്‍ഭൂമി എന്നിങ്ങനെ കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.