മഴയ്ക്ക് നേരിയ ശമനം; രക്ഷാപ്രവർത്തനം ഊർജിതമാക്കി സൈന്യം

മഴ കുറഞ്ഞതിനെത്തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമായി നടക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയില്‍ നിന്ന് താഴെയെത്തുകയും മഴയ്ക്ക് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെ ഇവിടെനിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടില്ലെന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തെയും പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൈന്യവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗവും. കൊച്ചിയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണ കൂടവും അറിയിക്കുന്നത്.

ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുടുങ്ങിയവരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. കുടുങ്ങിയവര്‍ സൈന്യത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിനായി വെളിച്ചം ആകാശത്തേക്ക് തെളിയിക്കുക. കാലാവസ്ഥ അനുകൂലമായതിനാല്‍ പരമാവധി ആളുകളെ വേഗം തന്നെ രക്ഷിക്കുന്നതിനാണ് സൈന്യം ശ്രമിക്കുന്നത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എയര്‍ലിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്.

തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്റ്റിംഗ് നടത്തുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്.