നാലു വർഷം മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ ഇന്ത്യയ്ക്ക് ആ മണ്ണിൽ നിന്ന് തലകുനിച്ച് പിന്തിരിയേണ്ടി വന്നു. അഞ്ച് ടെസ്റ്റിൽ നിന്നും വെറും 13.40 ശരാശരിയിൽ ആകെ 134 റൺസ് മാത്രം നേടി പിന്തിരിയേണ്ട വന്ന ഇന്ത്യൻ ടീം നായകൻ വീരാട് കൊഹ്‌ലിയും കൂട്ടരും പക്ഷേ തികഞ്ഞ നിശ്ചയ ദാർഢ്യവും പോരാട്ട വീര്യവുമായാണ് ഇത്തവണ ടീമിൽ തിരിച്ചെത്തിയത്. ഒരിക്കൽ തലകുനിച്ച് ഇറങ്ങി പോകേണ്ടി വന്ന വേദിയിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കാൻ ഇന്ത്യൻ നായകന് ഇത്തവണ സാധിച്ചു.
274 റൺസ് നേടിയ ഇന്ത്യൻ ടീമിൽ 225 പന്തിൽ നിന്നും 149 റൺസ് നേടിയ കൊഹ്‌ലിയുടെ പ്രകടനമാണ് കളിയിൽ കൂടുതൽ ശ്രദ്ധ നൽകിയത്. 22 ഫോറുകളും ഒരു സിക്സുമാണ് ഇത്തവണ താരത്തിന്റെ ബാറ്റിൽ നിന്നും പിറവിയെടുത്തത്. സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെതിരായ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെത്തേടി ഇപ്പോൾ നിരവധി റെക്കോർഡുകളാണ് എത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 7000 റൺസ് ക്ലബിലെത്തുന്ന താരമെന്ന റെക്കോർഡാണ് താരം ഇതോടെ കരസ്ഥമാക്കിയത്. തന്റെ 113 ആം ഇന്നിങ്‌സിലാണ് താരം ഈ വിജയം നേടുന്നത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ തന്റെ ടെസ്റ്റ് കരിയറിലെ 22 -മത്തെ സെഞ്ച്വറിയാണ് കൊഹ്‌ലി നേടുന്നത്. ഇതോടെ കുറഞ്ഞ ഇന്നിങ്‌സിൽ നിന്നും22 -ആം സെഞ്ച്വറി നേടുകയെന്ന റെക്കോർഡിൽ നാലാം സ്ഥാനത്താണ് താരം എത്തിയത്.