കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമായി ‘യെന്തിരൻ 2.0’ ടീസർ..

രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 വിന്റെ ആദ്യ ടീസർ പുറത്ത്. കിടിലൻ വിഷ്വൽ ഇഫക്ടും ആക്ഷനുമായി എത്തുന്ന ടീസർ പ്രേക്ഷക ഹൃദയങ്ങളിൽ വിസ്‌മയം തീർക്കുമെന്നതിൽ സംശയമില്ല. ഏപ്രിൽ 14 നു തീയേറ്ററുകളിൽ എത്തുന്ന ചിത്രം 450 കോടി മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കരൻ അലിരാജയാണ് നിർമിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യൻ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരൻ 2.0 പതിനഞ്ച്‌ ഇന്ത്യൻ ഭാഷകളിലായി 7000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.6500 തീയേറ്ററുകളിൽ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോർഡും ഇതോടെ പഴങ്കഥയാകും.

നേരെത്തെ 2.0 വിന്റെ വിതരണാവകാശം മോഹൻലാലിൻറെ ആശീർവാദ് സിനിമാസിനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രശസ്ത ട്രേഡ് അനലിസ്റ് ബാലയാണ് യെന്തിരൻ 2.0 ഓഗസ്റ്റ് ഫിലിംസ് വിതരണത്തിനെത്തിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചത്.

16 കോടി റെക്കോർഡ് തുക നൽകിയാണ് സന്തോഷ് ശിവൻ,ഷാജി നടേശൻ, ആര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് ഫിലിംസ് യെന്തിരൻ 2.0 വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. 2010 ൽ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് പ്രതിനായകൻ. എമി ജാക്സണും മറ്റൊരു പ്രധാന കഥാപാത്രത്തെയാവതരിപ്പിക്കുന്നു