ഇത് ചരിത്ര നേട്ടം അണ്ടര്‍16 എഎഫ്‌സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ടീം

ഒടുവില്‍ പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. അണ്ടര്‍-16 എഎഫ്‌സി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. 2002 ലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. ഇത്തവണ പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ഇന്‍ഡോന്യേഷ്യയുമായി നടന്ന സി ഗ്രൂപ്പിലെ അവസാന മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.

മൂന്നു മത്സരങ്ങളിലായി ഒരു ജയവും രണ്ട് സമനിലയും ലഭിച്ച ഇന്ത്യയ്ക്ക് നിലവില്‍ അഞ്ച് പോയിന്റുകളാണുള്ളത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയോടാണ് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടേണ്ടത്. അണ്ടര്‍-16 എഎഫ്‌സി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിയറ്റ്‌നാമിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. കളിയില്‍ ഇന്ത്യ വിജയവും കണ്ടു. രണ്ടാമത്തെ മത്സരത്തില്‍ ഇറാനോടും ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്നു.

മലയാളിതാരം ഷഹബാസ് അഹമ്മദും ടീമിലുണ്ട്. ദക്ഷിണ കൊറിയ ശക്തമായ ടീമാണെങ്കിലും ഇന്ത്യന്‍ യുവനിരയില്‍ ഏറെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട് ആരാധകര്‍.