ഏഷ്യാ കപ്പ്: ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍

September 20, 2018

ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാക്ക് പോരാട്ടത്തിന്റെ ചൂട് ആറി വരുന്നതെയുള്ളു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി അടുത്ത മത്സര ക്രമം പുറത്തുവിട്ടു. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ടി വരും.

ഇന്ത്യ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോര്‍ സ്‌റ്റേജിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ ടീമുകളെല്ലാം തന്നെ പരസ്പരം സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഏറ്റുമുട്ടും. ശേഷം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ടീമുകള്‍ തമ്മിലായിരിക്കും ഫൈനല്‍ മത്സരം.

ഈ മാസം 21 മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ അരങ്ങേറും. ദുബൈ തന്നെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും വേദി. സൂപ്പര്‍ ഫോര്‍ മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ ബംഗ്ലാദേശിനെ ആയിരിക്കും നേരിടുക. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തീയതി സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. തുടര്‍ന്ന് 25 ന് അഫ്ഗാനിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ 28 നാണ് ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുക.